കോട്ടയം ജില്ലയില്‍ ഹിറ്റടിച്ച് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി. നവംബറില്‍ ജില്ലയില്‍ നിന്ന് മാത്രം 40 ലക്ഷം രൂപയുടെ വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് സ്വന്തമാക്കാനായത്. കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്നുള്ള ബജറ്റ് ടൂറിസത്തിന്റെ സര്‍വീസുകളും കോട്ടയം ജില്ലയുടെ കണക്കിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടൂറിസം കേന്ദ്രങ്ങളെയും തീര്‍ത്ഥാടന കേന്ദ്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കെഎസ്ആര്‍ടിസിയുടെ ഏകദിന യാത്രാ പാക്കേജാണ് ബജറ്റ് ടൂറിസം. കുറഞ്ഞ ചിലവ്, ഒറ്റയ്ക്കും ആളുകള്‍ക്കൊപ്പം ഒരുമിച്ചും യാത്ര ബുക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയാണ് ജനങ്ങളെ പദ്ധതിയിലേക്ക് ആകര്‍ഷിച്ചത് എന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് വേലിക്കകം പറയുന്നു.
അവധിക്കാല യാത്രക്കാരെ മുന്നില്‍ കണ്ട് ബജറ്റ് ടൂറിസത്തിനായി പുതിയ പാക്കേജുകളും കെഎസ്ആര്‍ടിസി പ്ലാന്‍ ചെയ്യുന്നുണ്ട്. കോട്ടയത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നായി പ്രത്യേക അവധിക്കാല ട്രിപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. പൊന്മുടി, തെന്മല, കാപ്പുകാട്, ആഴിമല, കോവളം, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂര്‍, വട്ടവട, രാമക്കല്‍മേട്, വാഗമണ്‍, ഗവി എന്നിവടങ്ങളിലേക്ക് പ്രത്യേക പാക്കേജ് വഴി യാത്ര ചെയ്യാവുന്നതാണ്.








