നിങ്ങളുടെ നഖത്തിന് താഴെയായി വെള്ള നിറത്തില്‍ അര്‍ദ്ധ ചന്ദ്രന്റെ രൂപത്തിലൊരു അടയാളം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇതിനെ Lunula എന്നാണ് വിളിക്കുന്നത്. ഇത് പലരും കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങളുടെ ഹൃദയം, വൃക്കകള്‍ നിങ്ങളുടെ ശരീരം എന്നിവ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ ഒരു സൂചനയായി ഇതിനെ കണക്കാക്കാം. ഡോക്ടര്‍മാര്‍ തങ്ങളുടെ മുന്നിലെത്തുന്ന രോഗിയുടെ ആരോഗ്യം നഖങ്ങളിലൂടെ നിരീക്ഷിക്കാറുണ്ട്. ഇതില്‍ Lunula വലിയ പങ്കാണ് വഹിക്കുന്നത്.
ശരിയ്ക്കും എന്താണ് ഈ ലുണുല? കുഞ്ഞു ചന്ദ്രന്‍ എന്ന് അര്‍ത്ഥം വരുന്ന ലാറ്റിന്‍ വാക്കാണ് ലുണുല. വെള്ള നിറത്തിലുള്ള വളഞ്ഞ അടയാളം മിക്കപ്പോഴും തള്ളവിരലിന്റെ പുറംതൊലിക്ക് സമീപമായാണ് കാണപ്പെടുന്നത്. നഖത്തിന്റെ വേരിനോട് ചേര്‍ന്ന ഭാഗമാണിത്. ഇവിടെ പുതിയ കോശങ്ങള്‍ ഉണ്ടാവുകയും അവ ഉറച്ചുപോവുകയും ചെയ്യും. നമ്മുടെ ശരീരത്തിന്റെ അവസ്ഥ അനുസരിച്ച് ഇവയുടെ നിറം, രൂപം, വലിപ്പം എന്നിവ മാറി വരും. കാണുമ്പോള്‍ ഒരു ഭംഗിയൊക്കെ തോന്നുമെങ്കിലും നമ്മുടെ രക്തയോട്ടം, മെറ്റബോളിസം, അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും സൂചിപ്പിക്കുന്ന ഒരു അടയാളമാണിത്.
Lunula on Nails
Lunula
ലുണുല വിരലില്‍ ഉള്ളതും ഇല്ലാത്തതുമെല്ലാം നോര്‍മലായ കാര്യമാണ്. ചിലരുടെ കൈകളില്‍ ഇത് വ്യക്തമായി കാണാന്‍ കഴിയുമ്പോള്‍ മറ്റ് ചിലരില്‍ ഇത് അത്ര നന്നായി കാണാനും കഴിയില്ല. ഫെയര്‍ സ്‌കിന്‍ ടോണുള്ളവര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലാവും ലുണുലകളുടെ സാന്നിധ്യം എന്നാല്‍ ഡാര്‍ക്കര്‍ സ്‌കിന്‍ ടോണിന് ഇത് ഒന്നുകില്‍ മറഞ്ഞിരിക്കും അല്ലെങ്കില്‍ മങ്ങിയ നിലയിലായിരിക്കും. എന്നാല്‍ പെട്ടെന്ന് ലുണുലയിലുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കണം. ലുണുല അപ്രത്യക്ഷമാവുക, ഇവയുടെ നിറം നീല, ചുവപ്പ് അല്ലെങ്കില്‍ മഞ്ഞ കളറായി മാറിയാല്‍ അത് ശരീരം തരുന്ന സൂചനയാണ്. മറ്റുള്ളവരുടെ നഖവുമായി താരതമ്യം ചെയ്തല്ല നിങ്ങള്‍ ശരീരത്തിന്റെ അവസ്ഥ മനസിലാക്കേണ്ടത്, നിങ്ങളുടെ നഖത്തില്‍ വരുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടാണ്.
ജനിതകമായ കാരണങ്ങളോ പ്രായം കൂടുന്നതോ ലുണുല അപ്രത്യക്ഷമാകാന്‍ കാരണമാകാം. എന്നാല്‍ പെട്ടെന്ന് ഇങ്ങനെ സംഭവിച്ചാല്‍ അത് താഴ്ന്ന ഊര്‍ജ്ജ നിലയിലുള്ള മെറ്റബോളിസം, അനീമിയ, രക്തയോട്ടത്തിനുള്ള ബുദ്ധിമുട്ട് എന്നിവയെയാണ് കാണിക്കുന്നത്. NIHല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്, ലുണുല അപ്രത്യക്ഷമാകുന്ന അല്ലെങ്കില്‍ ഇല്ലാതാകുന്ന അവസ്ഥ തൈറോയിഡ് പ്രശ്‌നങ്ങളോ അല്ലെങ്കില്‍ വൃക്കരോഗമോ ആയി ബന്ധപ്പെട്ടിരിക്കാം എന്നാണ്. പ്രത്യേകിച്ച് ലുണുലയുടെ സാന്നിധ്യം ഇല്ലാതാവുന്നതിനൊപ്പമുള്ള ക്ഷീണവും വീക്കവും ഇത് വ്യക്തമാക്കുന്നതാണ്. മറുവശത്ത് പ്രോട്ടീന്‍ ആവശ്യമായ രീതിയില്‍ ഭക്ഷണത്തിലൂടെ ലഭിക്കാത്തവര്‍, വൈറ്റമിന്‍ ബിയുടെ കുറവ്, രക്തയോട്ടം മന്ദഗതിയിലായവര്‍ എന്നിവരിലും ലുണുല ചുരുങ്ങാം ഇല്ലെങ്കില്‍ അപ്രത്യക്ഷമാകാം








