കാലാവസ്ഥാനുസൃതവും സുസ്ഥിരവുമയ കൃഷി പ്രോത്സാഹിപ്പിച്ച് കർഷകർക്ക് മികച്ച വിപണി, ന്യായമായ വില ഉറപ്പാക്കാൻ സർക്കാർ 2365 കോടി രൂപ വകയിരുത്തി കേര പദ്ധതി നടപ്പാക്കുമെന്ന് കാർഷിക വികസന–കർഷക ക്ഷേമ മന്ത്രി പി. പ്രസാദ്.
അമ്പലവയൽ സെന്റർ ഓഫ് എക്സലൻസ് ട്രെയിനിങ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ കാർഷിക മേഖലയുടെ വളർച്ചയ്ക്ക് നിരവധി പദ്ധതികളാണ് നടപ്പാക്കിയതെന്നും
40 വർഷത്തിനിടയിൽ സംസ്ഥാനത്ത് കൃഷി വകുപ്പ് നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് കേരയെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ കാപ്പി കൃഷിക്കായി പ്രത്യേക പദ്ധതികളും കേര പദ്ധതിയിൽ ഉൾപ്പെടുത്തും. 25 സെന്റ് മുതൽ 10 ഹെക്ടർ വരെ സ്ഥലത്ത് കൃഷി ചെയ്യുന്ന കർഷകർക്കാണ് കേര പദ്ധതി മുഖേന സഹായം ലഭിക്കുക. 32000 കർഷകർക്ക് നാല് വർഷം കൊണ്ട് കാലാവസ്ഥ അനുയോജ്യമായ കൃഷി രീതികളിൽ പരിശീലനം നൽകും. വിപണനം, വള പരിചരണം, ജലസേചനം, ജല സംഭരണ സംവിധാനം, സാമ്പത്തിക സഹായം, ഗുണമേന്മയുള്ള തൈകൾ ഉത്പാദിപ്പിക്കാൻ നഴ്സറികൾക്ക് സഹായം തുടങ്ങിവ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
കാർഷിക മേഖലയിൽ കാലാവസ്ഥ അധിഷ്ഠിത ഇൻഷുറൻസ് പദ്ധതി 14 ജില്ലകളിലും നടപ്പിലാക്കി. ജനുവരി 15 വരെ ഇൻഷുറൻസ് പദ്ധതിയിൽ ചേരാം. നെൽ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ റാപ്പിഡ് റെസ്പോൺസ് ടീം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. കുരുമുളക് കർഷകർ നേരിടുന്ന മഞ്ഞളിപ്പ് രോഗത്തിന് പരിഹാരം കാണാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസ് റിസർച്ച് സെന്ററും കാർഷിക വകുപ്പും സംയുക്തമായി പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രാഥമിക കൃഷിക്ക് പുറമെ സെക്കൻഡറി കൃഷിക്കും തുല്യ പ്രാധാന്യം നൽകുന്നുണ്ട്.
നാച്ചുറൽ ഫാമിങ് വ്യാപിപ്പിച്ചതിലൂടെ വിഷ രഹിതമായ ഭക്ഷണം ഉറപ്പാക്കാൻ സാധിച്ചു.








