ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാക്കുന്നതിനായി ടെര്‍മിനല്‍ ഒന്നിലേക്കുള്ള പുതിയ പാലം ഗതാഗതത്തിനായി തുറന്നു. ദുബായ് ഏവിയേഷന്‍ എഞ്ചിനീയറിംഗ് പ്രോജക്ടുകളുമായി സഹകരിച്ചാണ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പദ്ധതി നടപ്പിലാക്കിയത്.
നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലം മൂന്ന് വരിയില്‍ നിന്ന് നാല് വരിയായി വീതി കൂട്ടി. മണിക്കൂറില്‍ 4,200 വാഹനങ്ങളില്‍ നിന്ന് 5,600 വാഹനങ്ങളായി ഉയര്‍ത്താന്‍ പുതിയ നവീകരണത്തലൂടെ കഴിയുമെന്ന് ആര്‍ടിഎ അറിയിച്ചു. തിരക്കേറിയ യാത്രാ സമയങ്ങളില്‍ ടെര്‍മിനല്‍ ഒന്നിലേക്ക് പോകുന്നവരുടെ യാത്ര സുഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും പുതിയ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ വികസന പദ്ധയിയെന്ന് ആര്‍ടിഎ അറിയിച്ചു.








