കോഴിക്കോട്: വയനാട് യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകുന്ന ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയുടെ തുരക്കൽ പ്രവൃത്തി ഫെബ്രുവരിയിൽ ആരംഭിക്കും. ഓസ്‌ട്രേലിയൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇരുഭാഗത്ത് നിന്നും ഒരേസമയം പ്രവൃത്തി തുടങ്ങാനാണ് തീരുമാനം. ഇതിനായി പാറ ഡ്രിൽ ചെയ്യാനുള്ള ‘ബൂമർ’ യന്ത്രങ്ങൾ നേരത്തെ തന്നെ എത്തിച്ചിട്ടുണ്ട്. ക്രഷർ യൂണിറ്റ്, ഡമ്പിങ്ങ് യൂണിറ്റ്, കോൺക്രീറ്റ് മിക്‌സിങ് പ്ലാന്റ് എന്നിവയും ഇരുഭാഗത്തും സജ്ജമാണ്.
8.11 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട തുരങ്കപാതയാണ് 2043 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത്. ആദ്യം വലതുവശത്തെ തുരങ്കത്തിന്റെ പ്രവൃത്തിയാണ് തുടങ്ങുക. നിലവിൽ 16 മണിക്കൂർ നടക്കുന്ന നിർമ്മാണ പ്രവൃത്തികൾ തുരക്കൽ തുടങ്ങുന്നതോടെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ 24 മണിക്കൂറാക്കി വർദ്ധിപ്പിക്കും. തുരങ്കം യാഥാർത്ഥ്യമാകുന്നതോടെ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ യാത്രക്കാർക്ക് എളുപ്പത്തിൽ വയനാട്ടിലെത്താനാകും.








