പശ്ചിമേഷ്യയിൽ തുടരുന്ന അനിശ്ചിതാവസ്ഥകൾക്കിടയിൽ ജിസിസി,വാന (വെസ്റ്റ് ഏഷ്യ ആൻഡ് നോർത്ത് ആഫ്രിക്ക റീജിയൺ) മേഖലകളിലേക്കുള്ള മരുന്ന് കയറ്റുമതിയെ സാരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഫാർമസ്യൂട്ടിക്കൽസ് എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ. ചരക്ക് നീക്കത്തിലെ അനിശ്ചിതത്വമാണ് പ്രധാന വെല്ലുവിളി.
നിർമാണം നേരിട്ട് ബാധിക്കപ്പെടുകയില്ലെങ്കിലും ലോജിസ്റ്റിക് പ്രശ്നങ്ങൾ, കയറ്റുമതിക്കുള്ള ഉയർന്ന ചാർജുകൾ എന്നിവ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വിദേശ വിപണിയിൽ തിരിച്ചടിയാകും. കണക്കുകൾ നോക്കിയാൽ കയറ്റുമതി തടസ്സപ്പെടുന്നത് ഇന്ത്യൻ ഫാർമ വ്യവസായത്തിന് മാർച്ച് മാസത്തിൽ 2,500 മുതൽ 5,000 കോടി വരെ നഷ്ടമുണ്ടാക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള കയറ്റുമതി സംഘടന വ്യകതമാക്കുന്നു.
ഇന്ത്യയുടെ മൊത്തം മരുന്ന് കയറ്റുമതിയുടെ 5.58% ജിസിസി രാജ്യങ്ങളിൽ നിന്നാണ്. വാന രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 2020-21 ൽ 11,008.67 കോടിയിൽ നിന്ന് 2024-25 ൽ 14,607.67 കോടിയായി ഉയർന്നു. യുഎഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, യെമൻ എന്നീ രാജ്യങ്ങൾ താങ്ങാനാവുന്ന വിലയിലുള്ള മരുന്നുകൾക്കായി ഇന്ത്യയെ വളരെയധികം ആശ്രയിച്ചിരിക്കുന്നു.








