ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ തുടരുന്ന നാവിക ഉപരോധം യുദ്ധമെന്നാണ് അദേഹം പറഞ്ഞത്. പ്രതിരോധത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഒരു രാജ്യത്തിന് വില കൊടുക്കേണ്ടി വരുന്നുണ്ടെന്നും അദേഹം കൂട്ടിച്ചേത്തു. എക്സിലൂടെയായിരുന്നു പെസഷ്കിയാൻ്റെ പ്രതികരണം.
അതേസമയം, യുഎസ്-ഇറാൻ സംഘർഷത്തിൽ പ്രതികരണവുമായി ഇറാൻ്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയിയും രംഗത്തെത്തിയിരുന്നു. ഇറാൻ്റെ ആണവ മിസൈൽ ശേഷി സംരക്ഷിക്കുമെന്നും ഗൾഫിലെ അമേരിക്കൻ സാന്നിധ്യം ഇല്ലാതാക്കുമെന്നുമായിരുന്നു മൊജ്തബ ഖമനയിയുടെ പ്രതികരണം. ഇറാൻ സ്റ്റേറ്റ് മീഡിയ പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് മൊജ്തബ പ്രതികരിച്ചത്.








