റോഡിലെ വരകളോ? അതിനെക്കുറിച്ച് അറിഞ്ഞിട്ട് എന്തിനാ… വാഹനം ഓടിക്കുന്നവര്‍ മാത്രം ഈ വരകളെക്കുറിച്ച് അറിഞ്ഞാല്‍ മതിയല്ലോ എന്ന് ചിന്തിക്കുന്നുണ്ടാകും. എന്നാല്‍ അങ്ങനെയല്ല. വാഹനം ഓടിക്കുന്നവര്‍ക്കൊപ്പം റോഡിലൂടെ നടക്കുന്നവരും ഈ വരകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്.
മഞ്ഞ വരകള്‍
റോഡിന് നടുവിലുള്ള ഒറ്റ മഞ്ഞവര
റോഡന് നടുവില്‍ ഒരു മഞ്ഞ വര മാത്രമേയുള്ളൂ എങ്കില്‍ വാഹനങ്ങള്‍ക്ക് ഓവര്‍ടേക്ക് ചെയ്യാം എന്നാണ് അര്‍ഥം. പക്ഷേ മറ്റ് വാഹനങ്ങളെ കൂടി പരിഗണിച്ച് സൂക്ഷിച്ച് വേണം ഇങ്ങനെ ചെയ്യാന്‍.
ഇരട്ട മഞ്ഞ വര
ഒരു ഇരട്ട തുടര്‍ച്ചയായ മഞ്ഞ വര സൂചിപ്പിക്കുന്നത് രേഖ മുറിച്ചുകടക്കുന്നത് ഇരുവശത്തേക്കും അനുവദനീയമല്ല എന്നാണ്. അതിനാല്‍ ഓവര്‍ടേക്കിംഗോ യു-ടേണുകളോ ഇവിടെ ഒരു കാരണവശാലും ചെയ്യരുത്. അല്ലെങ്കില്‍ ലെയ്ന്‍ മാറരുത്. അപകടസാധ്യത കൂടുതലുള്ള അപകടകരമായ രണ്ടുവരി റോഡുകളിലാണ് ഈ രീതി സാധാരണയായി കാണപ്പെടുന്നത്.
മുറിഞ്ഞ മഞ്ഞ വര
ഈ വരകള്‍ സൂചിപ്പിക്കുന്നത് സുരക്ഷിതമായ സാഹചര്യത്തല്‍ ഓവര്‍ടേക്ക് ചെയ്യാം എന്നാണ്. ഓവര്‍ടേക്കിംഗ് അല്ലെങ്കില്‍ മുന്നിലുള്ള വാഹനങ്ങളെ നിങ്ങള്‍ക്ക് മറികടക്കാം.
ഒരു പൂര്‍ണ മഞ്ഞവരയും ഒരു മുറിഞ്ഞ മഞ്ഞ വരയും
റോഡിന്റെ ഒരു വശത്ത് പൂര്‍ണ്ണ വരയും മറ്റേ വശത്ത് മുറിഞ്ഞ വരയും ഉണ്ടെങ്കില്‍ മുറിഞ്ഞ വരയുള്ള വശത്തുള്ള വാഹനങ്ങള്‍ക്ക് ഓവര്‍ടേക്ക് ചെയ്യാം എന്നാല്‍ പൂര്‍ണമായ മഞ്ഞവരയുള്ള വശത്തുള്ള വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്യാന്‍ പാടുള്ളതല്ല എന്നാണ്.
ഇടതുഭാഗത്തെ തുടര്‍ച്ചയായ മഞ്ഞവര
ഇവിടെ വാഹനം നിര്‍ത്താനോ നിര്‍ത്തിയിടാനോ പാടില്ല.
കുറുകെയുള്ള ആറു മഞ്ഞവരകള്‍
വേഗം കുറച്ചുപോകണമെന്ന് സൂചിപ്പിക്കുന്ന വരകളാണിത്. ജംങ്ഷനുകള്‍ക്ക് മുന്‍പായിട്ടും തിരക്കുള്ള ഇടങ്ങളിലുമാണ് റോഡിനു കുറുകെ ആറു മഞ്ഞവരകള്‍ അടയാളപ്പെടുത്തുന്നത്. ഹമ്പുകള്‍ക്കു പകരമാണ് ഈ വരകള്‍.
വെള്ളവരയുടെ പ്രത്യേകതകള്‍
ഇടതുവശത്തുളള നീണ്ട വെള്ള വര
ഈ വരകള്‍ റോഡിന്റെ അതിര് ഓര്‍മപ്പെടുത്തുന്നു. ഈ വരകള്‍ രാത്രിയില്‍ സുരക്ഷിതമായി വണ്ടിഓടിക്കാന്‍ സഹായിക്കുന്നു. വീതിയുള്ള റോഡാണെങ്കില്‍ അരികില്‍നിന്ന് അല്‍പ്പം വിട്ടായിരിക്കും ഈ വര ഉണ്ടായിരിക്കുക. ഇതിലൂടെ കാല്‍നട യാത്രക്കാര്‍ക്ക് നടന്നുപോകാനും സൈക്കിള്‍ ഓടിക്കാനും സാധിക്കും. വേഗം കുറച്ച് പോകുന്ന ഇരു ചക്രവാഹനക്കാര്‍ക്കും ഈ ഭാഗം ഉപയോഗിക്കാം.
റോഡിന് നടുവിലെ ഇടവിട്ട വെള്ള വര
രണ്ടുവരിപ്പാതയുടെ മധ്യത്തിലായി ഇടവിട്ട് കാണുന്ന വെള്ളവര ഇരുദിശയിലേക്കുമുള്ള വാഹനങ്ങളെ വേര്‍തിരിക്കാനായാണ് ഉപയോഗിക്കുന്നത്. ഇടതുഭാഗം നിലനിര്‍ത്തി വാഹനം ഓടിക്കാന്‍ ഈ വരകള്‍ സഹായിക്കുന്നു. ഈ വരയാണ് റോഡില്‍ കാണുന്നതെങ്കില്‍ എതിരേ വാഹനം ഇല്ലെന്നുറപ്പാക്കി മുന്നിലെ വാഹനത്തെ മറികടക്കാം.
നാലുവരിപ്പാതകളിലും ഇടവിട്ട വെള്ള വരകളുണ്ടാകും. ഇവിടെ ലെയ്ന്‍ ട്രാഫിക് അഥവാ വരിപിടിച്ച് വേണം വാഹനം ഓടിക്കാന്‍. വേഗം കൂടിയവ വലതുവരിയിലും കുറഞ്ഞവ ഇടതുവരിയിലൂടെയും പോകണമെന്നാണ് നിര്‍ദേശം. വരി മാറി വാഹനങ്ങള്‍ ഓടിക്കണമെങ്കില്‍ തൊട്ടു പിറകില്‍ വാഹനം ഇല്ലെന്ന് കണ്ണാടിയില്‍ നോക്കി ഉറപ്പാക്കി ഇന്‍ഡിക്കേറ്റര്‍ വഴി അക്കാര്യം സൂചിപ്പിച്ചുവേണം മാറാന്‍.
മുറിയാത്ത വെള്ള വര
റോഡിന് നടുവിലുള്ള മുറിയാത്ത വെള്ള വര ഇരു ദിശയിലും പോകുന്ന വാഹനങ്ങളെ വേര്‍തിരിക്കുന്നു. റോഡിന്റെ ഇടതു ഭാഗത്തുകൂടി വാഹനമോടിക്കണം. വര മുറിച്ച് കടക്കുന്നതിന് നിയന്ത്രണമുണ്ട്. ഇത്തരം സ്ഥലങ്ങളിലൂടെ ഓവര്‍ ടേക്കിംഗ് പാടില്ല.
അകലം കുറഞ്ഞ ഇടവിട്ട വെള്ളവര
അപകടസാധ്യതയുള്ള സ്ഥലം അടുത്തുവരുന്നുവെന്ന മുന്നറിയിപ്പു നല്‍കാനാണ് ഇത്തരം വരകള്‍. വളവുകള്‍, ജംങ്ഷനുകള്‍ മുതലായ സ്ഥലങ്ങള്‍ക്കു മുന്‍പായി റോഡിനു നടുക്ക് തുടര്‍ച്ചയായാണ് ഈ വര കാണപ്പെടുന്നത്. വരകള്‍ തമ്മിലുള്ള അകലം വളരെ കുറവായിരിക്കും.








