അഹമ്മദാബാദ്:
ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടി ചരിത്രം കുറിച്ച ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു ബിസിസിഐ. വ്യക്തിഗത മികവിനേക്കാളുപരി ടീമിന്റെ ഒത്തൊരുമയ്ക്കും തയ്യാറെടുപ്പുകള്‍ക്കുമുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ ഭാരവാഹികള്‍ തുക പ്രഖ്യാപിച്ച സമയത്ത് വ്യക്തമാക്കി. ഓരോ അംഗത്തിന്റെയും കഠിനാധ്വാനമാണ് ഈ ചരിത്ര വിജയത്തിന് പിന്നിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഐസിസി പ്രഖ്യാപിച്ച സമ്മാനത്തുകയുടെ അഞ്ച് ഇരട്ടി കൂടുതലായിട്ടാണ് ബിസിസിഐ ടീമിന് നല്‍കുന്നത്.
പ്രഖ്യാപിച്ച 131 കോടി രൂപ ടീമിലെ താരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും വീതിച്ചു നല്‍കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഓരോ താരത്തിനും കോച്ചിംഗ് സ്റ്റാഫിനും എത്ര ലഭിക്കുമെന്നുള്ളതിന്റെ കണക്ക് പുറത്തുവന്നിരിക്കുകയാണിപ്പോള്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും മലയാളി താരം സഞ്ജു സാംസണും ഉള്‍പ്പെടെയുള്ള 15 കളിക്കാര്‍ക്ക് 6 കോടി രൂപ വീതം ലഭിക്കും. ശേഷിക്കുന്ന 41 കോടി പരിശീലകര്‍ക്കും മറ്റ് സപ്പോര്‍ട് സ്റ്റാഫിനും പങ്കിട്ട് നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയക്കായി ഉടന്‍ ദില്ലിയിലെത്താനും ടീമിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇതോടെ ഇന്ത്യ സ്വന്തമാക്കി. ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ഇത്തവണ യുവനിരയുമായിട്ടാണ് ഇന്ത്യ എത്തിയത്. മലയാളി താരം സഞ്ജു സാംസണായിരുന്നു ടൂര്‍ണമെന്റിലെ താരം.








