ജില്ലാ വനിത ശിശുവികസന ഓഫീസിന് പുതിയ കെട്ടിട സമുച്ചയം പ്രവർത്തനസജ്ജമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും കേന്ദ്രീകരിച്ചുള്ള ക്ഷേമപദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാൻ സമുച്ചയം മികച്ച പിന്തുണ നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപെട്ടു.
സിവിൽ സ്റ്റേഷനിൽ നിലവിലുള്ള ജില്ലാ ശിശു വികസന വകുപ്പ് ഓഫീസിനോട് ചേർന്ന് നാല് നിലകളിലായി 400.55 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 1.85 കോടി രൂപ ചിലവിലാണ് പുതിയ കെട്ടിടം പ്രവർത്തി പൂർത്തീകരിച്ചത്.
കെട്ടിടത്തിന്റെ താഴത്തെ നില പാർക്കിങിനായും ശേഷിക്കുന്ന മൂന്ന് നിലകളിൽ ഓഫീസ് സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.
സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ഫയർ സ്റ്റെയർ, 5000 ലിറ്റർ ശേഷിയുള്ള ഫയർ ടാങ്ക്, 5000 ലിറ്റർ ശേഷിയുള്ള കുടിവെള്ള ടാങ്ക് എന്നിവയും സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ പ്രവർത്തികൾ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ മേൽനോട്ടത്തിലും ഇലക്ട്രോണിക് പ്രവർത്തികൾ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ മേൽനോട്ടത്തിലുമാണ് പൂർത്തീകരിച്ചത്.
കൽപറ്റ നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ അധ്യക്ഷനായ പരിപാടിയിൽ നഗരസഭ കൗൺസിലർ എ. വി ദീപ, ജില്ലാ വനിത ശിശു വികസന ഓഫീസർ കെ. ആർ ബിന്ദുബായ്, വനിത സംരക്ഷണ ഓഫീസർ എൻ. പി ഗീത, ജില്ല ശിശു സംരക്ഷണ ഓഫീസർ കാർത്തിക അന്ന തോമസ്, പനമരം അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസർ പി. ലീഷ്മ, ജില്ലാ ഐ.സി. ഡി. എസ് സെൽ സീനിയർ സൂപ്രണ്ട് കെ. പി സുനിത്ത് , ജില്ലാ ഐ.സി. ഡി. എസ് സെൽ പ്രോഗ്രാം ഓഫീസർ എം. ജി ഗീത എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.








