ക്ഷയ രോഗത്തിനെതിരെ ജനങ്ങളുടെ കൂട്ടായ കരുത്തിന് ആഹ്വാനം ചെയ്ത് ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ ടിബി കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ദിനാചരണ പരിപാടി അസിസ്റ്റൻ്റ് കളക്ടർ പി.പി അർച്ചന ഉദ്ഘാടനം ചെയ്തു. 2026ലെ ക്ഷയരോഗമുക്ത 100 ദിന കർമ്മപരിപാടിയുടെ പ്രഖ്യാപനവും നിർവ്വഹിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ ക്ഷയരോഗ പ്രതിരോധ കഫ പരിശോധന നടത്തിയ ആരോഗ്യ സ്ഥാപനങ്ങൾ അസിസ്റ്റൻ്റ് കളക്ടറിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. മികച്ച ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തിയ ടിബി വിജയേതാക്കളെ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ കെ ടി രേഖ ആദരിച്ചു. ക്വിസ്മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
ജില്ലാ ടിബി ഓഫീസർ ഡോ പ്രിയ സേനൻ വിഷയാവതരണവും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സമീഹ സൈതലവി മുഖ്യപ്രഭാഷണവും നടത്തി. ജൂനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ ആര്യ വിജയകുമാർ പ്രതിജ്ഞ ചൊല്ലി. ശ്വാസകോശ രോഗ വിദഗ്ധൻ ഡോ എബ്രഹാം ജേക്കബ്, ലാബ് ടെക്നീഷ്യൻ ധന്യ എന്നിവർ ക്ലാസുകളെടുത്തു. തുടർന്ന് ഫാത്തിമ മാതാ സ്‌കൂൾ ഓഫ് നഴ്‌സിംഗ് വിദ്യാർത്ഥികളുടെ ക്ഷയരോഗ ബോധവൽക്കരണ തീമാറ്റിക് ഡാൻസ് അരങ്ങേറി.
കൽപ്പറ്റ കെഎം ഹോളിഡേയ്‌സ് ഹോട്ടലിൽ നടന്ന പരിപാടിയിൽ ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ പി.എസ് സുഷമ, പൂതാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ അപർണ്ണ, ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ കെ.എം മുസ്‌തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ പി.എം ഫസൽ, സ്‌റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻ്റ് കെ.എ സലീം, ജില്ലാ ടിബി ആൻ്റ് എച്ച് ഐ വി കോ ഓർഡിനേറ്റർ വി.ജെ ജോൺസൺ എന്നിവർ സംസാരിച്ചു.








