ദേശീയപാതകളിലൂടെ അമിത ഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾക്ക് ഇന്ന് മുതൽ കൂടുതൽ ടോൾ ഈടാക്കും. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ വ്യവസ്ഥകൾ പ്രകാരം, അനുവദനീയമായ ഭാരത്തിൽ നിന്ന് 10 ശതമാനം വരെ അധിക ഭാരം ഉള്ള വാഹനങ്ങളെ പിഴയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ 10 ശതമാനം മുതൽ 40 ശതമാനം വരെ അധിക ഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾ നിലവിലെ ടോൾ നിരക്കിന്റെ ഇരട്ടി അടയ്ക്കേണ്ടി വരും. 40 ശതമാനത്തിൽ കൂടുതലായി അമിത ഭാരം കണ്ടെത്തിയാൽ ടോൾ നിരക്കിന്റെ നാലിരട്ടി വരെ ഈടാക്കും.
അമിത ഭാരം കയറ്റിയ വാഹനങ്ങളുടെ വിവരങ്ങൾ ടോൾ പ്ലാസകളിൽ രേഖപ്പെടുത്തുകയും അത് വഹാൻ പോർട്ടലിലേക്ക് കൈമാറുകയും വേണമെന്ന് നിർദേശിച്ചിട്ടുണ്ട്. ടോൾ പ്ലാസകളിൽ വാഹനങ്ങളുടെ തൂക്കം പരിശോധിക്കുന്ന സംവിധാനം ഇല്ലെങ്കിൽ അധിക ടോൾ ഈടാക്കരുതെന്നും നിർദേശമുണ്ട്. ഫാസ് ടാഗ് വഴിയോ യുപിഐ വഴിയോ അല്ലെങ്കിൽ കേന്ദ്ര സർക്കാർ നിർദേശിക്കുന്ന മറ്റ് ഇലക്ട്രോണിക് പേയ്മെന്റ് മാർഗങ്ങൾ വഴിയോ മാത്രമേ ടോൾ ഈടാക്കാവൂ. ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് അതിനുള്ള പിഴയും കൂടാതെ ബാധകമാകും എന്നും ഉത്തരവിൽ പറയുന്നു.








