ഇന്ത്യയിലെ സമൂഹമാധ്യമ അകൗണ്ടുകളുടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. വാട്സ് ആപ്പ്, യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ അകൗണ്ടുകളുടെ എണ്ണമാണ് പുറത്തുവന്നിരിക്കുന്നത്. ഏറ്റവും കൂടുതൽപേർ ഉപയോഗിക്കുന്ന സമൂഹമാധ്യമം വാട്സ്ആപ്പാണ്, 53 കോടി. 44.8കോടിയുമായി യൂട്യൂബും 41 കോടിയുമായി ഫേസ്ബുക്കും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. നാലാം സ്ഥാനത്തുള്ള ഇൻസ്റ്റഗ്രാമിന് 21 കോടി അകൗണ്ടുകളാണുള്ളത്.
ഏറ്റവും കുറവ് ഉപഭോക്താക്കളുള്ള ട്വിറ്ററിന് വെറും 1.75 കോടി അകൗണ്ടുകൾ മാത്രമാണുള്ളത്. രാജ്യത്ത് സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകൾക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രം വ്യാഴാഴ്ച കണക്കുകൾ പുറത്തുവിട്ടത്. ഐടി മന്ത്രി രവിശങ്കർ പ്രസാദും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറും സംയുക്തമായിട്ടാണ് ഇക്കാര്യം അറിയിച്ചത്.
വ്യാജ വാർത്തകൾ, വിദ്വേഷ ഭാഷണം, സിനിമയിലെ ഗ്രാഫിക് ഇമേജറി മുതലായവയെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനപ്പെട്ട സോഷ്യൽ മീഡിയകൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും ആശങ്കകൾ ഉയർന്നതായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിക്കുന്നതിനിടെ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.