കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ബഫർ സോൺ കരട് വിജ്ഞാപനത്തിനെതിരെ നടത്തിയ മലയോര സംരക്ഷണ യാത്ര അൻപത്തിയഞ്ചോളം സ്ഥലങ്ങൾ പിന്നിട്ട്
മാനന്തവാടിയിൽ സമാപിച്ചു.
കേരളത്തിലെ വന്യജീവി സങ്കേതത്തിന് ചുറ്റുമായി പൂജ്യം മുതൽ 3.4 കിലോമീറ്റർ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറി ബഫർ സോണുകളായി പ്രഖ്യാപിക്കുന്നതിനുള്ള വനം-പരിസ്ഥിതി മന്ത്രാലയത്തിൻ്റെ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ,മലയോര പ്രദേശവാസികളെ സാരമായി ബാധിക്കുന്ന ഈ കരട് വിജ്ഞാപനം പിൻവലിച്ച് പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം, മനുഷ്യന് തന്റെ മണ്ണിൽ ജീവിക്കുന്നതിനുള്ള പൂർണ സ്വാതന്ത്ര്യം ലഭ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി 18 ന് ആരംഭിച്ച് വയനാട്ടിലെയും മലപ്പുറത്തെയും കണ്ണൂരിലെയും 55ഓളം പ്രദേശങ്ങളിലൂടെ കെ.സി.വൈ.എം മാനന്തവാടി രൂപത നടത്തിയ മലയോര സംരക്ഷണ യാത്ര ആയിരത്തിലേറെ പേർ പങ്കെടുത്ത ബഹുജനപ്രക്ഷോഭറാലിയോടും,
പൊതുസമ്മേളനത്തോടും കൂടെ മാനന്തവാടിയിൽ സമാപിച്ചു.ഇതൊരു ആരംഭം മാത്രമാണ്, മലയോര ജനതയ്ക്ക് ഒപ്പം കെസിവൈഎം മാനന്തവാടി രൂപത എന്നും ഉണ്ടാകും എന്ന് അധ്യക്ഷപ്രസംഗത്തിൽ കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ പ്രഖ്യാപിച്ചു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്‌വേർഡ് രാജു കുരിശുങ്കൽ ഉദ്ഘാടനം നിർവഹിച്ചു.
മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോലിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.സ്വന്തം നാട്ടിൽ നിന്ന് പിഴുതെറിയപ്പെടേണ്ടി വരുന്ന ജനങ്ങൾക്കൊപ്പം നിൽക്കുന്ന കെസിവൈഎം പ്രസ്ഥാനത്തിന് മാനന്തവാടി രൂപതയുടെ പൂർണ്ണ പിന്തുണ അറിയിച്ചുകൊണ്ട് മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സെബാസ്റ്റ്യൻ പാലംപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി.
ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, റോസ് മേരി തേറുകാട്ടിൽ,ജോസ് പള്ളത്ത്, ബിനു മാങ്കൂട്ടം,ഫാ. ആന്റോ മമ്പളിൽ, വിജി ജോർജ്ജ്, ബിബിൻ ചെമ്പക്കര, മേബിൾ ജോയ് പുള്ളോലിക്കൽ, ഫെബിൻ കാക്കോനാൽ, നയന മുണ്ടക്കാതടത്തിൽ, ജിയോ മച്ചുക്കുഴി, ഗ്രാലിയ അന്ന അലക്സ്, റ്റെസിൻ തോമസ് വയലിൽ, ജസ്റ്റിൻ നീലംപറമ്പിൽ, അഭിനന്ദ് കൊച്ചുമലയിൽ, ജിജിന കറുത്തേടത്ത്, സി. സാലി സി.എം.സി, സിൻഡിക്കേറ്റ് അംഗങ്ങളായ റ്റിബിൻ പാറക്കൽ, ഡെറിൻ കൊട്ടാരത്തിൽ, ഫാ.ഷൈജു മുതിരക്കല്ലായിൽ ,ജോജോ തോപ്പിൽ രൂപത സിൻഡിക്കേറ് അംഗങ്ങൾ ,മേഖല, യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.