ദില്ലി: ആഭ്യന്തര വിമാന സർവീസുകളുടെ ടിക്കറ്റ് നിരക്ക് ഉയരും. വിമാന ഇന്ധന വില ഉയർന്ന സാഹചര്യത്തിൽ മിനിമം ടിക്കറ്റ് നിരക്കിൽ അഞ്ച് ശതമാനം വർധനയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കൊണ്ടുവന്നിരിക്കുന്നത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായെന്നും ഇതിന് കാരണമായത് വിവിധ സംസ്ഥാനങ്ങൾ ആർടി പിസിആർ ടെസ്റ്റ് നിർബന്ധമാക്കിയതാണെന്നും മന്ത്രാലയം പറയുന്നു. ഈ സാഹചര്യത്തിൽ വിമാനങ്ങളിൽ ഉൾക്കൊള്ളിക്കാവുന്ന യാത്രക്കാരുടെ എണ്ണം 80 ശതമാനമായി നിജപ്പെടുത്തി.
കുറേ ദിവസങ്ങളായി വിമാന ഇന്ധനത്തിന്റെ വില ക്രമമായി ഉയരുകയാണെന്നും ഈ സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രാലയം വിശദീകരിക്കുന്നു. അഞ്ച് ശതമാനമാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുകളിൽ ഉണ്ടായിരിക്കുന്ന വർധന. മാസത്തിൽ മൂന്ന് ദിവസം 3.5 ലക്ഷം യാത്രക്കാർ എന്ന സംഖ്യയിലേക്ക് ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം എത്തിയാൽ അതോടെ വിമാനങ്ങളിൽ സഞ്ചരിക്കാവുന്ന യാത്രക്കാരുടെ എണ്ണം 100 ശതമാനമാക്കുമെന്നും മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്.








