ശ്രേയൂ..നീ ജയിക്കും മോനേ… ഞങ്ങൾക്കുറപ്പാണ്.മേൽമുറിയിലെ സ്വീകരണത്തിനിടെ കൽപ്പറ്റ മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാറിന്റെ കൈപിടിച്ചു മേരിയമ്മ പറഞ്ഞു. ‘കുറിച്യർമല ഉരുൾപൊട്ടി വന്നു ഞങ്ങളുടെ എല്ലാം പോയി ദുരിതത്തിലായപ്പോൾ ഓടിവരാൻ ശ്രേയു ഉണ്ടായില്ലേ, എം.എൽ.എ. ആല്ലായിട്ടും നാട്ടാർക്ക് ഒരാപത്തു വന്നപ്പോ ഓടിയെത്തി, നിങ്ങളുടെ കൂടെ ഇക്കുറി നാടുണ്ടാകും.’ മേരിയമ്മയ്ക്കൊപ്പം ഏലിക്കുട്ടിയും കല്യാണിയമ്മയും പറഞ്ഞു.
2018 കുറിച്യർമലയിലെ ഉരുൾപൊട്ടലിൽ വിറങ്ങലിച്ചു നിന്ന നാടിന് സഹായവുമായി ആദ്യം ഓടിയെത്തിയവരിൽ എം.വി. ശ്രേയാംസ് കുമാറുമുണ്ടായിരുന്നു.
പതിനായിരക്കണക്കിന് കിറ്റുകളാണ് അന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രളയബാധിത മേഖലകളിൽ എം.വി. ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിൽ മാതൃഭൂമി എത്തിച്ചത്. അതോർമിപ്പിക്കുകയായിരുന്നു മേരിയമ്മയും ഏലിക്കുട്ടിയും കല്യാണിയമ്മയും.
മണ്ഡലത്തിലെ മൂന്നാംഘട്ട സ്ഥാനാർഥി പര്യടനത്തിന് ഊഷ്മളമായ സ്വീകരണമാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. രാവിലെ അരപ്പറ്റ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളെ നേരിൽ കണ്ടു വോട്ടഭ്യർഥിച്ചാണ് പ്രചാരണം തുടങ്ങിയത്. താഞ്ഞിലോട് സ്ഥാനാർഥിയെ സ്വീകരിക്കാൻ ജാബിർ ഷാ എന്ന യുവകലാകാരനുമുണ്ടായിരുന്നു. പാട്ടുപാടി നേടുന്ന വരുമാനംകൊണ്ടു കാരുണ്യപ്രവർത്തനം നടത്തുന്ന ജാബിർ ഷായ്ക്ക് ഡി.വൈ.എഫ്.ഐ.യുടെ ഉപഹാരം ശ്രേയാംസ് കുമാർ സമ്മാനിച്ചു. സ്വീകരണചടങ്ങിൽ ജാബിർ ഷാ പാട്ടുകളും പാടി.
മുണ്ടേരി മിച്ചഭൂമിയിൽ നടന്ന സ്വീകരണത്തിൽ വീട്ടിൽ പൂന്തോട്ടത്തിൽ നിന്നു നുള്ളിയെടുത്ത തെച്ചിയും തുളസിയും ചേർത്തു കോർത്തെടുത്ത മാല അണിയിച്ചാണ് സുഭദ്രാമ്മ സ്ഥാനാർഥിയെ വരവേറ്റത്. ‘വിജയിച്ചു വരുമ്പോൾ ഇതിലും വലുതൊന്നു അണിയിക്കും’ ശ്രേയാംസിനെ മാലയണിച്ചു സ്വീകരിച്ച ശേഷം സുഭദ്രാമ്മ പറഞ്ഞു. കല്പറ്റ നഗരസഭാ കൗൺസിലർ എം.ബി. ബാബുവിന്റെ അമ്മയാണ് സുഭദ്ര.
മാടക്കുന്ന് സ്വീകരണയോഗത്തിൽ സിനിമാസ്റ്റൈൽ ഡയലോഗമായാണ് കോവിലേരികുന്ന് ചന്ദ്രനെത്തിയത്. സ്ഥാനാർഥിയെ കണ്ടപ്പോഴേ ആവേശത്തോടെ പറഞ്ഞു. ‘ചന്ദ്രനാ പറയുന്നേ ശ്രേയാംസ് കുമാർ ജയിക്കും’.
സ്വീകരണയോഗങ്ങളിലും പര്യടനം നടക്കുന്ന വഴികളിലും കാത്തുനിന്നവർ പലരും വൈകാരികമായാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. പ്രത്യാശ പങ്കുവെക്കുമ്പോഴോ പരാതി പറയുമ്പോഴോ ആകട്ടെ നാടറിയുന്ന ആളെന്ന ഉറപ്പിലായിരുന്നു എല്ലാവരുടെയും സംസാരം.
തളിപ്പുഴയിൽ പ്രീമിയർ ലീഗ് നടക്കുന്നത് കണ്ടതോടെ ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ എം.വി. ശ്രേയാംസ് കുമാർ ഗ്രൗണ്ടിലിറങ്ങി
റിപ്പൺ 52, മഞ്ഞൂറ പളളിക്കവല, ചുളുക്ക, മാനിവയൽ, കുട്ടിക്കുന്ന്, തെക്കുംതറ, മാടക്കുന്ന്, മൈലാടം, മഞ്ഞൂറ പള്ളിക്കവല, സിങ്കോണ തെങ്കാശി, കരിങ്കണ്ണി, മേലെ പാലവയൽ, ഇടിയംവയൽ, വേങ്ങാത്തോട്, അംബ, ലക്കിടി, ചാരിറ്റി, വൈത്തിരി 12ാം പാലം, ചുണ്ടേൽ എന്നിവിടങ്ങളിലായിരുന്നു സ്ഥാനാർഥിയുടെ ചൊവ്വാഴ്ചത്തെ പര്യടനം.
ബുധനാഴ്ചത്തെ പര്യടനം
പേരാൽ (9.00), മില്ലുമുക്ക് (9.15), പതിനാറാംമൈൽ (9.30), പുതുക്കോട്ട്കുന്ന് (9.45), ചേരിയംകൊല്ലി (10.00), കുറുമണി (10.15), കുഴിവയൽ (10.30), കള്ളംതോട് (10.45), കരിഞ്ഞകുന്ന് (11.00), ഒന്നാംമൈൽപള്ളി (11.15), ഒന്നാംമൈൽ കനാൽ ജങ്ങ്ഷൻ (11.30), കമ്പളക്കാട് ഉസ്താദ് നഗർ(11.45), സിൽമാഹാൾമുക്ക് (12.00), ചെലഞ്ഞിച്ചാൽ (3.00), കുട്ടമംഗലം കനാൽ (3.15), കുട്ടമംഗലം (3.30), തെനേരി (4.00), കല്ലുപാടി (4.30), വാര്യാട് (5.00), കല്ലുവയൽ (5.30), ചോമാടി (6.00), പുതൂർ കണ്ണാശുപത്രി (6.30), കാര്യമ്പാടി (7.00).