കമ്പളക്കാട് : കാർ വിൽപനയുടെ മറവിൽ യുവാവിനെ ഭീഷണിപ്പെടുത്തി മർദ്ധിച്ച് വില പിടിപ്പുള്ള വസ്തുക്കളും പണവും സംഘം ചേർന്ന് കവർച്ച നടത്തിയ അഞ്ചംഗ സംഘത്തിലെ മൂന്ന് പേർ പിടിയിൽ. കൽപ്പറ്റ പുഴമുടി സ്വദേശി പുത്തൻവീട് പി ആർ പ്രമോദ് (26), കോഴിക്കോട് പുതിയങ്ങാടി സ്വദേശികളായ കഞ്ഞരായൻകണ്ടി കെ കെ ഷഫീക്ക് (34), കമ്മക്കംപറമ്പ് പി കെ സക്കറിയ (30) എന്നിവരെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. വിൽപനയ്ക്കുള്ള കാറ് കാണിച്ചു കൊടുക്കാമെന്ന വ്യാജേന പരാതിക്കാരനായ കുഞ്ഞോം സ്വദേശിയെ വിളിച്ചു വരുത്തുകയും, കണിയാമ്പറ്റയിലെ വരദൂർ പാലത്തിന് സമീപത്ത് നിന്നും അഞ്ചംഗ സംഘം കത്തികാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയുമായിരുന്നു.
യുവാവിനെ
മർദ്ധിച്ച് മൊബൈൽ ഫോണും, വാച്ചും കവർന്ന ശേഷം അക്കൗണ്ടിൽ ഉണ്ടായിരുന്ന 70000 രൂപ ഗൂഗിൾ പേ വഴി കവർന്നതായാണ് പരാതിയിൽ പറയുന്നത്. കവർച്ച സംബന്ധിച്ച് നൽകിയ പരാതിയെ തുടർന്ന് കമ്പളക്കാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ മൂന്ന് പേർ പിടിയിലായത്. ഐപിസി 395 വകുപ്പ് പ്രകാരം കേസ്സെടുത്ത് അറസ്റ്റു ചെയ്ത പ്രതികളെ കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തു. കമ്പളക്കാട് എസ്.ഐ. പി.ജി.രാംജിത്ത്, എസ്.സി.പി.ഒമാരായ വി ആർ ദിലീപ് കുമാർ, ഹാരിസ് പുത്തൻപുരയിൽ, കെ ത്വൽഹത്ത്, സിപിഒ കെ എ നിസാർ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.