തിരുവനന്തപുരം: അടുത്ത അഞ്ചു വർഷം കേരളം ഭരിക്കാൻ ജനം ആരെയാണ് തിരഞ്ഞെടുത്തതെന്ന് ഇന്നറിയാം. കേരളത്തെ കൂടാതെ തമിഴ്നാട്. പശ്ചിമബംഗാൾ, പുതുച്ചേരി, അസം എന്നീ നിയമസഭകളിലേക്കും മലപ്പുറം ലോക്സഭയിലേക്കടക്കം നടന്ന ഉപതിരഞ്ഞെടുപ്പുകളിലേയും ഫലം ഇന്ന് പുറത്ത് വരും.
രാവിലെ എട്ടരേയാടെ സൂചനകൾ ലഭ്യമാകും. അന്തിമഫലപ്രഖ്യാപനം വൈകുമെങ്കിലും വിജയി ആരെന്ന് അനൗദ്യോഗികമായി വൈകുന്നേരത്തോടെ അറിയാനാകും. തപാൽവോട്ടുകൾ എട്ടിനും വോട്ടിങ് യന്ത്രത്തിലേത് എട്ടരയ്ക്കും എണ്ണിത്തുടങ്ങും. വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ രണ്ടുപ്രാവശ്യം പരിശോധിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ എൻകോർ സംവിധാനത്തിൽ ചേർക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണാൻ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 30 വരെ തിരികെ ലഭിച്ച തപാൽ ബാലറ്റുകൾ 4,56,771 ആണ്. ഞായറാഴ്ച രാവിലെവരെ വോട്ടുരേഖപ്പെടുത്തിയ തപാൽബാലറ്റുകൾ വരണാധികാരിക്ക് നൽകാം. ഒരു ഇ.വി.എം. എണ്ണാൻ സാധാരണനിലയിൽ പത്തുമുതൽ 15 മിനിറ്റും ഒരുതപാൽവോട്ടിന് 40 സെക്കൻഡുമാണ് വേണ്ടത്.