ബെയ്ജിങ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ലോങ് മാർച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ സമുദ്രത്തിൽ പതിച്ചത്. ഭൗമാന്തരീക്ഷത്തിലേക്ക് കടന്നപ്പോൾ തന്നെ റോക്കറ്റിന്റെ അവശിഷ്ടങ്ങളുടെ പ്രധാനഭാഗങ്ങളെല്ലാം കത്തി നശിച്ചിരുന്നു.
ചൈനീസ് ബഹിരാകാശ ഏജൻസി വിവരം പുറത്തു വിട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.ലോംഗ് മാർച്ച് -5 ബി റോക്കറ്റ് പതനത്തിൽ നിന്ന് വലിയ അപകടമൊന്നുമില്ലെന്ന് ബെയ്ജിങ്ങിലെ അധികൃതർ വ്യക്തമാക്കി.
‘നിരീക്ഷണത്തിനും വിശകലനത്തിനും ശേഷം, 2021 മെയ് 9 ന് 10:24 ന് (0224 ജിഎംടി) ലോംഗ് മാർച്ച് 5 ബി യാവോ -2 വിക്ഷേപണ വാഹനത്തിന്റെ അവശിഷ്ടങ്ങൾ ഭൗനാന്തരീക്ഷത്തിൽ പ്രവേശിച്ചു.മാലിദ്വീപിനടുത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രദേശത്താണ് പതിച്ചതെന്നാണ് കരുതുന്നത്”, ചൈന അറിയിച്ചു.
എവിടെയാണ് പതിക്കുകയെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്നായിരുന്നു യു.എസ്. പ്രതിരോധ മന്ത്രാലയ വാക്താവ് മൈക് ഹൊവാർഡ് നേരത്തെ പറഞ്ഞത്.
100 അടി ഉയരവും 22 ടൺ ഭാരവുമുള്ളതായിരുന്നു റോക്കറ്റ്. ഇതിന്റെ 18 ടൺ ഭാരമുള്ള ഭാഗമാണ് ഭൂമിയിലേക്ക് പതിച്ചത്.
യൂറോപ്യൻ ബഹിരാകാശ ഏജൻസി ‘ഭൂമിയുടെ ഉപരിതലത്തിന്റെ ഏതാണ്ട് 41.5Nനും 41.5S അക്ഷാംശത്തിനും ഇടയിലുള്ള ഒരു’ റിസ്ക് സോൺ ‘പ്രവചിച്ചിരുന്നു. ന്യൂയോർക്കിന് തെക്ക്, ആഫ്രിക്ക, ഓസ്ട്രേലിയ, ജപ്പാന് തെക്കായിട്ടുള്ള ഏഷ്യയുടെ ചില ഭാഗങ്ങൾ, യൂറോപ്പിൽ സ്പെയിൻ, പോർച്ചുഗൽ, ഇറ്റലി, ഗ്രീസ് എന്നിവയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റിസ്ക് സോൺ പ്രവചനത്തിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ പ്രവചനങ്ങൾ തെറ്റിച്ചുകൊണ്ടാണ് ആശങ്കയ്ക്ക് വിരാമമിട്ട് ഇന്ത്യൻ സമുദ്രത്തിൽ പതിച്ചത്.
ഏപ്രിൽ 29-നാണ് ചൈന ലോങ് മാർച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത്. ചൈനയുടെ സ്വപ്നപദ്ധതിയായ ലാർജ് മോഡ്യുലർ സ്പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാൻഹെ മൊഡ്യൂളിനെ ഏപ്രിൽ 29-നു ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ടിയാൻഹെ മൊഡ്യൂളിൽ നിന്ന് വേർപെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്.