സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ രണ്ടാം ദിവസത്തിലേക്ക്. പൊലീസ് പരിശോധന കർശനമാക്കുകയാണ്. തൊഴിലാളികൾ ഉൾപ്പെടെയുള്ള യാത്രികർക്ക് ഇന്നുമുതൽ പൊലീസ് പാസ് നിർബന്ധമാണ്. ഇന്നും ജില്ലാ അതിർത്തി മേഖലകളിൽ കൂടുതൽ പരിശോധനയുണ്ടാകും. അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി, അടിയന്തരാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് പൊലീസ് പാസ് നൽകിത്തുടങ്ങി. നിശ്ചിത സ്ഥലത്തേക്ക് നിശ്ചിത സമയത്ത് പോയി വരാനുള്ള പാസാണ് നൽകുന്നത്. ആ സ്ഥലത്തേക്ക് മാത്രമേ യാത്ര പാടുള്ളൂ.
പാസ് ലഭിക്കുന്ന വ്യക്തിക്കു മാത്രമാണ് യാത്ര. മറ്റൊരാളെ കൂട്ടാനാവില്ല.പാസ് കൈവശമില്ലാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും.
പാസ് ലഭിക്കാൻ
പൊലീസിന്റെ pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റ് ഉപയോഗിക്കുക
‘പാസ് ‘ എന്നതിനു താഴെ പേര്, വിലാസം, വാഹനത്തിന്റെ നമ്പർ, പോകേണ്ട സ്ഥലം, തീയതി, സമയം, മൊബൈൽ നമ്പർ നൽകണം
അവശ്യ വിഭാഗത്തിലെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും വീട്ടുജോലിക്കാർ, തൊഴിലാളികൾ എന്നിവർക്കും അപേക്ഷിക്കാം. ഇവർക്കുവേണ്ടി തൊഴിൽദായകർക്കും അപേക്ഷിക്കാം.
വീട്ട് ജോലിക്ക് പോകുന്നവർ പോകുന്ന വീട് കാണിച്ച് അപേക്ഷിക്കണം. വീട്ടുടമയ്ക്കും പാസെടുത്ത് നൽകാം.
വെബ്‌സൈറ്റിൽ നിന്നു പാസ് ഡൗൺലോഡ് ചെയ്യാം.
പാസിനോടൊപ്പം തിരിച്ചറിയൽ കാർഡും കരുതണം.