തിരുവനന്തപുരം:സ്വകാര്യ ആശുപത്രികളിൽ ചികിൽസാ നിരക്ക് ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കി. ചില സ്വകാര്യ ആശുപത്രികളിൽ വലിയ തുക ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.ജനറൽ വാർഡിൽ ഒരു ദിവസം പരമാവധി ഈടാക്കാവുന്നത് 2,645 രൂപ. എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ പരമാവധി 2,910 രൂപ വരെ ഈടാക്കാം.
എച്ച്ഡിയു നിരക്ക് എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ 4175ഉം മറ്റിടങ്ങളിൽ 3795 രൂപയുമാക്കി. ഐസിയുവിന് എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ 7,800 രൂപയും മറ്റിടങ്ങളിൽ 8580 രൂപയുമാക്കി. വെന്റിലേറ്റർ ഐസിയുവിന് എൻഎബിഎച്ച് അംഗീകൃത ആശുപത്രികളിൽ 13,800ഉം മറ്റിടങ്ങളിൽ 15,180 രൂപയുമാക്കി.
എന്നാൽ മിനിമം നിരക്കിൽ സിടി സ്കാൻ, എച്ച്ആർസിടി തുടങ്ങിയ പരിശോധനകൾ ഉൾപ്പെടില്ല. റെംഡെസിവിർ പോലുള്ള വിലയേറിയ മരുന്നുകളും മിനിമം നിരക്കിൽ ഉൾപ്പെടില്ല. ജനറൽ വാർഡിൽ ഒരു ദിവസം രണ്ട് പിപിഇ കിറ്റുകളും ഐസിയുവിൽ അഞ്ചെണ്ണവും ആണ് ഉപയോഗിക്കുക. മിനിമം നിരക്കിൽ പെടാത്തവയ്ക്ക് പരമാവധി വിപണിവില (MRP) മാത്രമേ ഈടാക്കാവൂ എന്നും ഉത്തരവിൽ പറയുന്നു.
എല്ലാ ആശുപത്രികളും പരിശോധനാ നിരക്ക് ജനങ്ങൾ കാണുന്നരീതിയിൽ പ്രദർശിപ്പിക്കണം. ആശുപത്രികൾ വെബ്സൈറ്റിലും നിരക്ക് പ്രസിദ്ധീകരിക്കണം.
അധികതുക ഈടാക്കിയാല്‍ അധിക തുകയുടെ പത്തിരട്ടി പിഴ ചുമത്തും. സ്വകാര്യ ആശുപത്രികൾ അധികതുക ഈടാക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. നീതികരിക്കാനാകാത്തവിധം ആശുപത്രികള്‍ ബില്ലുകള്‍ ഈടാക്കുന്നതായി ഹൈക്കോടതി പറഞ്ഞു. കഞ്ഞിക്കു 1353 രൂപയും ഒരു ഡോളോ ഗുളികയ്ക്ക് 25 രൂപയും ഈടാക്കിയ ആശുപത്രികളുണ്ട്. ബില്ലുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുകള്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നിരക്കുകള്‍ ജനങ്ങള്‍ക്ക് കാണാനാകും വിധം പ്രദര്‍ശിപ്പിക്കണമെന്നും കോടതി പറഞ്ഞു.