കൊച്ചി:കോവിഡ് രോഗികളിൽനിന്ന് സ്വകാര്യ ആശുപത്രി ഈടാക്കിയ കഞ്ഞിയുടെ വില കണ്ട് കോടതിയും ഞെട്ടി. 1350 രൂപയാണ് ഈടാക്കിയത്. ഈ തുകയ്ക്ക് കഞ്ഞി കിട്ടിയാൽ എങ്ങനെ ഇറങ്ങുമെന്നും കഞ്ഞി സ്വർണം പോലെ സൂക്ഷിക്കേണ്ടിവരുമല്ലോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ഒരു ഡോളോ ഗുളികയ്ക്ക് 25 മുതൽ 30 രൂപവരെയാണ് ഈടാക്കുന്നത്.
പി.പി.ഇ.കിറ്റിന്റെ പേരിൽ കോവിഡ് രോഗികളിൽ നിന്ന് ഒറ്റ പൈസ ലാഭം ഉണ്ടാക്കാൻ അനുവദിക്കില്ല. ഐ.സി.യു.വിൽ അഞ്ച് പി.പി.ഇ. കിറ്റു വരെയാകാമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നുണ്ട്. ഇതിന്റെ പേരിൽ എല്ലാ രോഗികളിൽ നിന്നും അഞ്ച് പി.പി.ഇ.കിറ്റിന്റെ തുക ഈടാക്കാൻ അനുവദിക്കാനാകില്ല.
കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കിയ സർക്കാരിനെ കോടതി അഭിനന്ദിച്ചു.കാത്തലിക് ഹെൽത്ത് അസോസിയേഷനും എം.ഇ.എസിനും അഭിനന്ദനം
സർക്കാർ നിശ്ചയിച്ച ഫീസിൽ കോവിഡ് രോഗികളുടെ ചികിത്സ ഉറപ്പുവരുത്തുമെന്ന് അറിയിച്ച കാത്തലിക് ഹെൽത്ത് അസോസിയേഷനും എം.ഇ.എസിനും കോടതിയുടെ അഭിനന്ദനം. എം.ഇ.എസ് കാണിക്കുന്നത് യഥാർഥ റംസാൻ വികാരമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കാരുണ്യപദ്ധതി പ്രകാരം ചികിത്സ നൽകിയവരുടെ തുക സർക്കാർ ഇതുവരെ ലഭ്യമാക്കിയില്ലെന്ന് കാത്തലിക് ഹെൽത്ത് അസോസിയേഷൻ അറിയിച്ചു.
കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികൾ സംസ്ഥാനത്ത് പലയിടത്തും കൊള്ളനിരക്ക് ഈടാക്കുന്ന പശ്ചാത്തലത്തിൽ ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ച് ഉത്തരവിറക്കി സംസ്ഥാനസർക്കാർ. പിപിഇ കിറ്റുകൾ മുതൽ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഏകീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയതായാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഉത്തരവ് വായിച്ചുകേട്ടപ്പോൾ, ബഞ്ച് പ്രഥമദൃഷ്ട്യാ സർക്കാരിനെ അഭിനന്ദനമറിയിക്കുകയും ചെയ്തു.
നേരത്തേ തന്നെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും (മെഡിക്കൽ കോളേജുകളിൽ ഉൾപ്പടെ) 50% കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. സഹകരണ, ഇഎസ്ഐ ആശുപത്രികളെ പൂർണമായും കൊവിഡ് ചികിത്സയ്ക്കുള്ള കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്കായി സർക്കാർ നിർദേശിക്കുന്ന രോഗികൾക്കും KASP (കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) പ്രകാരം ആനുകൂല്യം ലഭിക്കേണ്ടവർക്കും സൗജന്യ ചികിത്സ തന്നെ നൽകണമെന്ന് നേരത്തേ നിർദേശം പുറപ്പെടുവിച്ചിരുന്നു.