കൊല്ലം :മക്കളുടെ പേരിലെ വൈവിദ്ധ്യം തുണയായി മരണവാർത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായി രണ്ടുദിവസമായി വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ കൈമാറി വൈറലായൊരു മരണവാർത്തയുണ്ട്.
കൊല്ലം പെരിനാട് റെയിൽവേ സ്റ്റേഷനുസമീപം മതിനൂർവീട്ടിൽ കെ.അർജുനനാചാരിയുടെ ചരമവാർത്ത. മക്കളുടെ പേരിലെ കൗതുകമാണ് കാരണം. ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ എന്നിങ്ങനെയായിരുന്നു ആ പേരുകൾ. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ചരമവാർത്തയിൽ മക്കളുടെ പേരുകൾക്ക് നിറംകൊടുത്തും അടിവരയിട്ടുമാണ് പ്രചരിക്കുന്നത്.
ആറ്റംപോലെ മക്കളെന്നും കൂടിച്ചേർന്ന് ഒരുമയോടെ നിൽക്കട്ടെ എന്നവിചാരമാണ് അച്ഛനെ ഇങ്ങനെ പേരിടാൻ പ്രേരിപ്പിച്ചതെന്ന് ഇലക്ട്രോൺ പറഞ്ഞു. പേരുകേട്ടാൽ ഏതുജാതിയാണെന്ന് മനസ്സിലാകരുതെന്നും അച്ഛൻ ഉദ്ദേശിച്ചു. ശാസ്ത്രവിഷയത്തിൽ ഏറെ താത്പര്യമുണ്ടായിരുന്ന അച്ഛൻ പാരാമിലിട്ടറി ഫോഴ്സ് ആയ ഗ്രഫിൽ ആയിരുന്നു.
അവിടെനിന്ന് ഡിഗ്രിയും നേടിയിട്ടുണ്ട്. ബോർഡർ റോഡ് ഓർഗനൈസേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലിചെയ്യുന്നകാലത്ത് പത്തുവർഷം ലിബിയയിലും ഉണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചിട്ടുമുണ്ട്. പിന്നീട് നാട്ടിൽ കൃഷിയും ആധ്യാത്മികാര്യങ്ങളുമായി കഴിയുകയായിരുന്നു.