തിരുവനന്തപുരം: കേന്ദ്ര വിഹിതം കുറഞ്ഞതോടെ സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. നീല, വെള്ള കാർഡുകാർക്ക് ത്രൈമാസ മണ്ണെണ്ണ വിഹിതം ഒന്നര ലിറ്ററിൽ നിന്ന് അരലിറ്ററാക്കി ചുരുക്കി. പിങ്ക്, മഞ്ഞ കാർഡുകാർക്കുള്ള ത്രൈമാസ വിഹിതം മൂന്ന് ലിറ്ററിൽ നിന്ന് ഒരുലിറ്ററാക്കി കുറച്ചു.
വൈദ്യുതി കണക്ഷൻ ഇല്ലാത്തവർക്ക് 12 ലിറ്റർ നൽകിയിരുന്നത് എട്ട് ലിറ്ററായി കുറച്ചു. കേന്ദ്ര വിഹിതം കുറഞ്ഞ സാഹചര്യത്തിൽ അടുത്ത മൂന്ന് മാസത്തേക്കാണ് മണ്ണെണ്ണ വിതരണത്തിൽ കുറവുവരുത്തി സിവിൽ സപ്ലൈസ് കമ്മീഷണർ ഉത്തരവിറക്കിയത്. എല്ലാ വിഭാഗത്തിനും മണ്ണെണ്ണ വില ലിറ്ററിന് 38 രൂപയിൽ നിന്ന് 41 ആയി വർധിപ്പിച്ചിട്ടുമുണ്ട്.
മൂന്ന് മാസത്തേക്കുള്ള വിഹിതം നാളെമുതൽ നൽകിത്തുടങ്ങാനാണ് റേഷൻ കടക്കാരുടെ തീരുമാനം.
അതേസമയം കോവിഡ് കാലത്ത് റേഷനും കിറ്റും നൽകുന്ന റേഷൻ വ്യാപാരികളെ സർക്കാർ അവഗണിച്ചുവെന്ന പ്രതിഷേധത്തിലാണ് വ്യാപാരികൾ. കോവിഡ് ബാധിച്ച് 21 റേഷൻ വ്യാപാരികൾ മരിച്ചിട്ടും വാക്സിൻ മുൻഗണന, നഷ്ടപരിഹാരം, ബയോമെട്രിക് ഒഴിവാക്കൽ എന്നീ ആവശ്യങ്ങൾ അംഗീകരിക്കാത്തതിലുള്ള അമർഷത്തിലാണ് വ്യാപാരികൾ. അതിനാൽ റേഷൻ കടകൾ ഒരുദിവസം അടച്ചിട്ട് ബലിദിനം ആചരിക്കാനുള്ള ആലോചനയിലാണ് വ്യാപാരി സംഘടനകൾ.