മാനന്തവാടി: കോവിഡ് മഹാമാരിയും ലോക്ഡൗണും പ്രകൃതിക്ഷോഭവും കാരണം പുറത്തിറങ്ങാനാകാതെ ബുദ്ധിമുട്ടുന്നവർക്കും കിടപ്പിലായ രോഗികൾക്കും കോവിഡ് പോസിറ്റീവായവർക്കും സഹായഹസ്തവുമായി ആരോഗ്യ കേരളം വയനാടിന്റെ കീഴിൽ സേവനം ചെയ്യുന്ന പാലിയേറ്റീവ് വൊളണ്ടിയർമാരുടെ കൂട്ടായ്മയായ പെയിൻ & പാലിയേറ്റീവ് വൊളണ്ടിയേഴ്സ് ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി.
ജില്ലാ പ്രസിഡൻറ് അസൈനാർ പനമരം, ജനറൽ സെക്രട്ടറി വേലായുധൻ ചുണ്ടേൽ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം അറുപതോളം എമർജൻസി വളണ്ടിയർമാരുടെ ടീം രൂപീകരിച്ച് അത്യവശ്യക്കാർക്ക് മരുന്ന്, മറ്റനുബന്ധ ഉപകരണങ്ങൾ, ഭക്ഷണ സാധനങ്ങൾ അങ്ങിനെയെല്ലാം വീടുകളിൽ എത്തിച്ചു നല്കി കോവിഡ് പ്രതിരോധത്തിൽ നേതൃത്വനിരയിൽ സജീവമാവുകയാണ് ഇവർ.
എല്ലാ പ്രദേശങ്ങളിൽ നിന്നും വൊളണ്ടിയേഴ്സ് ഉള്ളതിനാൽ ഒറ്റഫോൺ വിളിയിൽ എത്രയും പെട്ടെന്നു തന്നെ അത്യാവശ്യമരുന്നുകളും മറ്റും കൈകളിലെത്തുന്നു. “വീട്ടിൽ ഇരിക്കുക കോവിഡിനെ തുരത്തുക .ഞങ്ങളുണ്ട് കൂടെ” എന്ന മുദ്രാവാക്യമാണ് അർത്ഥവത്താക്കുന്നത്.