ഇടുക്കി മഞ്ഞപ്പാറയിൽ സമൂഹമാധ്യമങ്ങളിലൂടെ വാറ്റ് വിൽപന നടത്തിയ യുവാവ് പിടിയിൽ. വാട്സാപ്പ്, ടെലഗ്രാം അക്കൗണ്ടുകൾ വഴിയാണ് അനിൽകുമാർ വാറ്റ് വിൽപന നടത്തിയത്. അനിൽകുമാറിന്‍റെ വീട്ടിൽ നിന്ന് കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
വാറ്റ് സംഘങ്ങളെ പിടികൂടാൻ എക്സൈസും പൊലീസും തലങ്ങും വിലങ്ങും പരിശോധന കർശനമാക്കിയതോടെ പുതു മാർഗ്ഗങ്ങളിലൂടെയാണ് അനിൽകുമാറിൻ്റെ കച്ചവടം. വാട്സാപ്പിലോ, ടെലഗ്രാമിലോ ആവശ്യമറിയിക്കാം. ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ ആളുകൾക്ക് അവശ്യസ്ഥലത്ത് എത്തിച്ചു നൽകുകയാണ് രീതി. ലീറ്ററിന് 2000 മുതൽ ദൂരത്തിനനുസരിച്ചാണ് വില. അനിൽ കുമാറിന്റെ വീടിനുള്ളിൽ നിന്നും 100 ലീറ്റർ കോടയും, 10 ലീറ്റർ വാറ്റും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
നെടുങ്കണ്ടം, മഞ്ഞപ്പാറ, പച്ചടി, മാവടി, മഞ്ഞപ്പെട്ടി മേഖലകളിലായിരുന്നു വിൽപന. അനിൽകുമാറിന് പുറമേ കൂടുതൽ പേർക്ക് മദ്യവിൽപനയിൽ പങ്കുണ്ടെന്നും എക്സെസ് അറിയിച്ചു.