മാനന്തവാടി:കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെടുന്ന സന്നദ്ധ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും സഹായകമാകുന്ന അണുനശീകരണ സംവിധാനവുമായി കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത. ഫ്യുമിഗേഷൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന അണുനശീകരണ സംവിധാനം മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ റ്റി. കെ. മുകുന്ദൻ മാനന്തവാടി പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
മാനന്തവാടി സെന്റ് ജോസഫ് ആശുപത്രിയുടെ സഹായത്തോടെ സർക്കിൾ ഇൻസ്പെക്ടർ കാര്യാലയം, മാനന്തവാടി മുനിസിപ്പാലിറ്റി കമ്മ്യൂണിറ്റി കിച്ചൻ എന്നിവയും അണുവിമുക്തമാക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വാഹനങ്ങൾ, സ്ഥാപനങ്ങൾ, CFLTC കൾ, കോവിഡ് രോഗികളുടെ ഭവനങ്ങൾ എന്നിവ അണുവിമുക്തമാക്കുന്നതിന് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ് എന്ന് കത്തോലിക്കാ കോൺഗ്രസ് രൂപതാ പ്രസിഡൻ്റ് ഡോ. കെ. പി. സാജു അറിയിച്ചു. രൂപതാ ഡയറക്ടർ ഫാ. ആൻ്റോ മമ്പള്ളി, ഗ്ലോബൽ സെക്രട്ടറി അഡ്വ. ഗ്ലാഡിസ് ചെറിയാൻ, മാനന്തവാടി നഗരസഭാ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. സിന്ദു സെബാസ്റ്റ്യൻ, കൗൺസിലർ ബി. അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.
കത്തോലിക്കാ കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ അഡ്വ. ജിജിൽ ജോസഫ്, സജിൻ ചാലിൽ, അനീഷ് ഓമക്കര, മാനന്തവാടി എസ്. ഐ മാരായ സനീഷ്, സനൂജ് എന്നിവർ നേതൃത്വം നൽകി.