പാലക്കാട് : തമിഴ്‌നാട്ടില്‍ തുടരുന്ന സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വരുംദിവസങ്ങളില്‍ കേരളത്തില്‍ പച്ചക്കറി ക്ഷാമത്തിന് ഇടയാക്കിയേക്കും. പച്ചക്കറി, പലചരക്ക് കടകളുടെ പ്രവര്‍ത്തനമടക്കം തമിഴ്‌നാട്ടില്‍ പൂര്‍ണമായും നിരോധിച്ചതോടെ കേരളത്തിലേക്കുള്ള കയറ്റുമതിയും ഒരുപരിധിവരെ നിശ്ചലമായിരിക്കുകയാണ്.
തമിഴ്‌നാട്ടിലെ പ്രധാന മാര്‍ക്കറ്റുകളായ കോയമ്പത്തൂര്‍, ഊട്ടി, മേട്ടുപ്പാളയം, ഒട്ടന്‍ഛത്രം, കാരമട തുടങ്ങിയവ നേരത്തെ അടച്ചിരുന്നു. മാര്‍ക്കറ്റുകള്‍ അടച്ചെങ്കിലും മറ്റു കേന്ദ്രങ്ങളില്‍നിന്ന് പച്ചക്കറി കേരളത്തിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ നിയന്ത്രണം കടുപ്പിച്ചതോടെ ഇതും നിന്നുപോകുമെന്ന അവസ്ഥയിലാണിപ്പോള്‍. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുന്ന ഇടറോഡുകള്‍ ബാരിക്കേഡ്, മണ്ണ് എന്നിവകൊണ്ട് അടച്ചിരിക്കുകയാണ്. അതിനാല്‍, ഈ വഴിയിലൂടെയുള്ള ചരക്കുവരവും നിലച്ചു. പ്രധാന റോഡുകളിലൂടെ വരുന്ന തുച്ഛമായ ലോഡുകള്‍ക്കൊണ്ട് കേരളത്തിന്റെ ആവശ്യം നിറവേറ്റാനാവില്ല.
മുന്‍പ് തമിഴ്‌നാട്ടില്‍ പച്ചക്കറി, പലചരക്ക് കടകള്‍ക്ക് രാവിലെ ആറുമുതല്‍ പത്തുവരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരുന്നു. എന്നാല്‍, ഇതിന്റെ മറവില്‍ ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതിന്റെ പേരിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതാണിപ്പോള്‍ കേരളത്തിലേക്കുള്ള പച്ചക്കറി വരവിനെ ബാധിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്ത് പച്ചക്കറി വില വര്‍ധനയ്ക്ക് കാരണമാകും. സര്‍ക്കാര്‍ തലങ്ങളില്‍ ഇടപെടലുകളുണ്ടായാല്‍ മാത്രമേ വരാനിരിക്കുന്ന പച്ചക്കറി, പലചരക്ക് പ്രതിസന്ധിക്ക് പരിഹാരം കാണാനാകൂ.