ദില്ലി: വാക്സീൻ സ്റ്റോക്ക് വിവരം പരസ്യപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. ഇവിൻ സംവിധാനത്തിലെ വിവരം പുറത്ത് വിടരുതെന്നും വിവരം കേന്ദ്രത്തിന്‍റെ അധികാര പരിധിയിൽ വരുന്നതെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. രാജ്യത്തെ 80 ശതമാനം പേർക്ക് സെപ്റ്റംബറോടെ വാക്സീൻ നല്‍കണമെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഒരുദിവസം 90 ലക്ഷം പേര്‍ക്കെങ്കിലും വാക്സീന്‍ നല്‍കുന്ന തരത്തില്‍ വാക്സിനേഷന്‍ വര്‍ധിപ്പിക്കണമെന്നാണ് ധനമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം.
വാക്സീൻ വിതരണം വീണ്ടും ഏറ്റെടുത്ത ശേഷമുള്ള പുതുക്കിയ മാര്‍ഗ്ഗരേഖ കേന്ദ്രം പുറത്തിറക്കിയിരുന്നു. രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാകും സംസ്ഥാനങ്ങൾക്ക് കേന്ദ്രം വാക്സീൻ വിതരണം ചെയ്യുക. വാക്സീൻ പാഴാക്കിയാൽ വിതരണത്തിൽ കുറവ് വരുത്തും. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സീൻ നൽകുമ്പോൾ അതിന്‍റെ മുൻഗണന ക്രമം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.