കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയതിന് ശേഷം ടാക്സിയില്‍ വീട്ടിലേക്ക് യാത്ര തിരിക്കവേ, വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി. തട്ടിക്കൊണ്ടുപോകലിന് ഇരയായ മുഹമ്മദ് റിയാസ് കോഴിക്കോട് കുറ്റ്യാടിയിലെ വീട്ടിലാണ് മടങ്ങിയെത്തിയത്. പരാതിയില്ലെന്ന് റിയാസ് പൊലീസിനോട് പറഞ്ഞു.
മുക്കം സ്വദേശിയായ ടാക്സി ഡ്രൈവറായ അഷ്റഫ് ആണ് വിവരം പൊലീസിനെ അറിയിച്ചത്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നായിരുന്നു ആദ്യ നിഗമനം. റിയാസ് സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനം പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ദുബായിലെ സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് ഉടലെടുത്ത തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് റിയാസ് പറയുന്നു. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. കരിപ്പൂരില്‍ വിമാനം ഇറങ്ങിയ ശേഷം ക്വാറന്റൈനില്‍ കഴിയാന്‍ വീട്ടിലേക്ക് ടാക്‌സിയില്‍ പോകുമ്പോഴാണ് വാഹനം തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോയത്.