ദുബായ്:കൊറോണ ഉയർത്തിയ ആധികൾക്കും ആശങ്കകൾക്കും മീതെ ക്രിക്കറ്റ് പന്ത് ഉയർന്നുപൊങ്ങുന്നു. ലോകത്തെ ഏറ്റവും ജനപ്രിയവും സമ്പന്നവുമായ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐ.പി.എൽ.)ഇന്ന് ദുബായിൽ തുടക്കം.
എന്നാൽ ടൂർണമെന്റ് പുരോഗമിക്കവേ 30 ശതമാനം ആളുകളെ സ്റ്റേഡിയത്തിൽ കയറ്റുന്ന കാര്യം പരിഗണനയിലാണെന്ന്, ഐ.പി.എൽ. സംഘാടകരായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ.) അധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞു. ആളുകൾ വീടുകളിൽത്തന്നെയായതിനാൽ ടെലിവിഷൻ കാണികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും റണ്ണറപ്പായ ചെന്നൈ സൂപ്പർ കിങ്സും ഏറ്റുമുട്ടുന്നതോടെ കളിക്കളം ഉണരും. ഇന്ത്യൻ സമയം ശനിയാഴ്ച ഇന്ന് വൈകീട്ട് 7.30 മുതൽ അബുദാബിയിലെ ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. കൊറോണ ആയതിനാൽ വർണാഭമായ ഉദ്ഘാടനച്ചടങ്ങോ ചിയർ ലീഡേഴ്സോ ഉണ്ടാകില്ല. കാണികൾക്കും പ്രവേശനമില്ല.