ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കോവിഡ് പശ്ചാത്തലത്തില്‍ നിശ്ചലമായ ടൂറിസം കേന്ദ്രങ്ങളുടെ വളര്‍ച്ചയ്ക്കായി ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ടൂറിസം കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് അറിയിപ്പ് ഉണ്ടാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് എം.എല്‍.എ യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസ് തീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ അറിയിച്ചു.
സോഷ്യല്‍ മീഡിയയുടെ സാധ്യത ഉപയോഗപ്പെടുത്തി ടൂറിസം കേന്ദ്രങ്ങള്‍ക്ക് ആവശ്യമായി പ്രമോഷന്‍ നടത്തുന്നതിനും കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റ് ഓണ്‍ലൈന്‍ മുഖേന നല്‍കുവാനും യോഗത്തില്‍ തീരുമാനിച്ചു. വിനോദ സഞ്ചാരികള്‍ക്ക് മാത്രമായി മുത്തങ്ങ ചെക് പോസ്റ്റില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കുക, ടൂറിസം മേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സിംങ് ക്രൈറ്റീരിയ ലഘൂകരിക്കുക, ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും നികുതി ഒഴിവാക്കി നല്‍കുക, കേന്ദ്ര സര്‍ക്കാര്‍ അക്രഡിറ്റേഷന്‍ ഇല്ലാത്ത ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റേര്‍സിനും, ടൂറിസം വകുപ്പിന്റെ അംഗീകാരമില്ലാത്ത ഗൈഡുകളെയും ഒരു വിഭാഗത്തിലും ഉള്‍പ്പെടാത്ത തീം പാര്‍ക്കുകളെയും സര്‍ക്കാര്‍ ടൂറിസം മേഖലയ്ക്കായി അനുവദിച്ച വിവിധ റിലീഫ് സ്‌കീമുകളില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിന് അപേക്ഷ നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
യോഗത്തില്‍ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാധാകൃഷ്ണന്‍, ഡി.ടി.പി.സി സെക്രട്ടറി ബി. ആനന്ദ്, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രതിനിധികളായ സി.പി. ഷൈലേഷ്, വാഞ്ചീശ്വരന്‍, അനൂപ്, ടൂറിസം അസ്സോസിയേഷന്‍ ജില്ലാ സെക്രട്ടറി അനീഷ്. ബി. നായര്‍, ഇക്കോ ടൂറിസം അസ്സോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് ഐസക്ക്, ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്‍ പ്രതിനിധി കെ.ബി. രാജു കൃഷ്ണ, ടൂറിസ്റ്റ് ഗൈഡ് അസ്സോസിയേഷന്‍ സെക്രട്ടറി സുബൈര്‍, മുഹമ്മദ് ഇല്യാസ് തുടങ്ങിയവര്‍ പങ്കെടുത്തു.