കൽപ്പറ്റ :മലബാർ വന്യജീവി സങ്കേത കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്ന് യു.ഡി.എഫ് നേതൃത്വത്തിൽ രൂപീകരിച്ച കർഷക ജനസംരക്ഷണ സമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു . വിജ്ഞാപനം വന്നാൽ നിർദ്ദിഷ്ഠ പരിസ്ഥിതി ലോല പ്രദേശത്ത് വാഹന ഇന്ധന നിയന്ത്രണം, ആദിവാസികൾക്കടക്കം കൃഷിക്ക് മുൻകൂർ അനുവാദം തേടൽ, എല്ലാവിധ നിർമാണ പ്രവർത്തനങ്ങൾക്കും നിരോധനം, താമസ സൗകര്യങ്ങൾ പോലും മുൻകൂർ അനുമതി തേടൽ, അടിസ്ഥാന വികസന സൗകര്യങ്ങളും കൃഷിയും കടമുറികൾ അടക്കമുള്ള വാണിജ്യ ആവശ്യ കെട്ടിടനിർമ്മാണം, പുതിയ ഭവന നിർമ്മാണം, ചെറുകിട നാമമാത്ര വ്യവസായങ്ങളുടെ ആരംഭം എന്നിവയൊക്കെ തടയപ്പെടും.
പ്രതിഷേധ സമരങ്ങളുടെ ഭാഗമായി 26ന്
നിൽപ്പ് സമരം നടത്തുമെന്നും ഒക്ടോബർ ഒന്നിന് അടിവാരത്ത് ഏകദിന ഉപവാസം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
റോഡുകളുടെ ബലപ്പെടുത്തലും ടാറിങ്ങും, വീതികൂട്ടലും റോഡുകളുടെ നിർമാണവും , രാത്രിയാത്രാ നിരോധനം, കന്നുകാലി കോഴിഫാമുകൾ , ഡയറി ഫാം നിലവിലുള്ള കാർഷികവൃത്തികൾ, മത്സ്യകൃഷി തുടങ്ങിയവയ്ക്കെല്ലാം നിയന്ത്രണം വരും. പരിസ്ഥിതി ലോലമേഖലകളിൽ ഒരു കിലോമീറ്റർ ദൂരം വരെ നിർമ്മാണ നിയന്ത്രണങ്ങൾ ഉണ്ടാകും .ഇതുമൂലം സാധാരണക്കാരന് ജീവിതം വഴിമുട്ടും. ഇക്കോ സെൻസിറ്റീവ് ആകുന്നതോടുകൂടി വികസനം സാധ്യമല്ലാതെയായി തീരുന്ന ഈ പ്രദേശങ്ങളിൽ ഭൂവുടമകൾക്ക് ന്യായമായ വില പോലും ഭൂമി വിൽക്കുമ്പോൾ ലഭിക്കുകയില്ലെന്നും സ്പഷ്ടമാണ്. കർഷകർക്ക് സ്വന്തം ഭൂമിയിൽ ഉള്ള മരങ്ങൾ മുറിക്കാൻ അനുവദിക്കുന്നതല്ല എന്ന കരിനിയമം കർഷകരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതാണ്.
കുടിവെള്ളത്തിന് കിണർ കുഴിക്കാൻ പോലും പ്രത്യേക അനുവാദം വേണം,കർഷകരെയും കർഷകത്തൊഴിലാളികളെയും കൃഷിയിടങ്ങളെയും തകർക്കുന്ന രീതിയിൽ സാധാരണജനങ്ങൾ ഇതിനെല്ലാം ബലിയാടാവുകയാണ്. ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശ ലംഘനവും മേലുള്ള കടന്നുകയറ്റമാണിത്’ .ഉപജീവനത്തിന് ആവശ്യമായ തൊഴിൽ ചെയ്ത് സ്വന്തം ഭൂമിയിൽ കൃഷിചെയ്ത് ജീവിക്കാനുള്ള പൗരന്റെ മൗലിക അവകാശത്തിൽ ഇതുവഴി കടന്നുകയറ്റമാണ് നടക്കുന്നത് എന്ന് ഇവർ കുറ്റപ്പെടുത്തി.കർഷക ജനസംരക്ഷണ സമിതി ചെയർമാൻ അഡ്വക്കറ്റ് ടി .സിദ്ദിഖ് ,വയനാട് ഡി.സി.സി പ്രസിഡൻറ് ഐ സി ബാലകൃഷ്ണൻ എം എൽ എ, ട്രഷറർ രക്ഷാധികാരി കെ .സി റോസക്കുട്ടി ടീച്ചർ,
പി പി ആലി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു