മാനന്തവാടി:പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തിന്റെ ഭാഗമായി ബഫർ സോൺ പ്രഖ്യാപനം പിൻവലിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി പി.കെ ജയലക്ഷ്മി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഒരു കിലോമീറ്റർ വായു ദൂരം എന്നത് അംഗീകരിക്കാനാവില്ല,പതിനായിരക്കണക്കിന് കർഷക കുടുംബങ്ങളെ ദോഷകരമായി ബാധിക്കുന്ന വിജ്ഞാപനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണം.കേന്ദ്ര സർക്കാർ ഇപ്പോൾ പാസാക്കിയ കർഷക ബില്ലുകൾ കർഷക വിരുദ്ധമാണെന്നും ജയലക്ഷ്മി ആരോപിച്ചു. ചെറുകിട നാമമാത്ര കർഷകരുടെ നട്ടെല്ലൊടിക്കുന്നതാണ് ഈ ബില്ലുകൾ. സമ്പൂർണ്ണ കടാശ്വാസം ഉൾപ്പെടെയുള്ളവ നൽകി കാർഷിക പ്രശ്നങ്ങളിൽ പരിഹാരം കാണണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തും ഇത്തരമൊരു പ്രശ്നം ഉണ്ടായപ്പോൾ കർഷകർക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുകയും കേന്ദ്രത്തിന് മുഖ്യമന്ത്രി കത്തെഴുതുകയും ചെയ്തിരുന്നു.എന്നാൽ പിന്നീട് അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ തുടർനടപടികൾ സ്വീകരിക്കാത്തത് മൂലമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം.
ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാത്ത സംസ്ഥാനസർക്കാർ സ്വർണക്കടത്തിലെ പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. ഇതിനിടയിൽ പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ സർക്കാർ അവഗണിക്കുകയാണെന്നും ജയലക്ഷ്മി കുറ്റപ്പെടുത്തി.