ന്യൂഡൽഹി: പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് ടൂറിസ്റ്റ് ഗൈഡിനെ കൂട്ട ബലാത്സംഗം ചെയ്തതായി പോലീസ്. ഡൽഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപത്തുള്ള ഹോട്ടലിൽ വെച്ചാണ് സംഭവം. ഒരു സ്ത്രീയുൾപ്പെടെ ആറ് പേർ സംഘത്തിലുണ്ടായിരുന്നതായി പീഡനത്തിനിരയായ യുവതിയുടെ പരാതിയിൽ പറയുന്നു.
സംഘത്തിൽ പെട്ട ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹി ഷെയ്ക്ക് സരായി പ്രദേശവാസിയായ മനോജ് ശർമ്മയാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പിറ്റേന്ന് തന്നെ യുവതി പോലീസിൽ വിവരം അറിയിച്ചു. രണ്ട് ബിസിനസുകാർ ബുക്ക് ചെയ്ത ഹോട്ടൽ മുറിയിൽ വെച്ചാണ് സംഭവം.
ടൂറിസ്റ്റ് ഗൈഡും ടിക്കറ്റ് ബുക്കിങ് എക്സിക്യൂട്ടീവുമായ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയ്ക്ക് പണത്തിന്റെ ആവശ്യമുണ്ടെന്ന് മനസിലാക്കിയ സംഘം കുറഞ്ഞ പലിശ നിരക്കിൽ പണം തരാമെന്ന് വിശ്വസിപ്പിച്ച് ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആറ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഡിസിപി വ്യക്തമാക്കി. മറ്റുള്ള പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു