ആലുവ: യുവനടിയെ സ്വകാര്യ മൊബൈല്‍ കമ്പനി ജീവനക്കാര്‍ ഷോറൂമില്‍ പൂട്ടിയിട്ടു. തർക്കത്തിനിടയിൽ നടിയെ കൈയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. ആലുവ മുനിസിപ്പല്‍ റോഡിലെ മൊബൈല്‍ ഷോറൂമിലാണ് സംഭവമുണ്ടായത്. നടി ഡ്യൂപ്ലിക്കേറ്റ് സിം എടുക്കാനാണ് ഇവിടെയെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലേ മുക്കാലോടെയാണ് സംഭവം. ഡ്യൂപ്ലിക്കേറ്റ് സിമിന് തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന് ഷോറൂം ജീവനക്കാരി അറിയിച്ചതോടെയാണ് നടിയുമായി വാക്ക് തര്‍ക്കമുണ്ടായത്.
ഇത് ജീവനക്കാരും നടിയുമായി പിടിവലിക്കിടയാക്കി. ഇതിനിടയിൽ യുവനടിയുടെ കൈയ്യക്ക് പോറലേറ്റു. നടി ജീവനക്കാരിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതോടെയാണ് പുരുഷ ജീവനക്കാരെത്തി ഷോറൂമിന്റെ ഷട്ടര്‍ ഇട്ടത്. ഇതോടെ നടി സ്ഥലത്തെ രാഷ്ട്രീയ നേതാക്കളേയും പൊലീസിനേയും വിവരം അറിയിച്ചു.
രണ്ട് മിനിറ്റനകം ജീവനക്കാര്‍ ഷട്ടര്‍ തുറന്നതോടെ നടി പുറത്തെത്തി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ ആലുവ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ആലുവ സി.ഐ.യുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയും നടത്തി. ജീവനക്കാര്‍ മാപ്പ് പറയുകയും നടി പരാതി ഇല്ലെന്ന് അറിയിക്കുകയും ചെയ്തതിനാല്‍ പൊലീസ് കേസെടുത്തില്ല.








