വിദ്യാര്‍ഥികളെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിച്ച കോതമംഗലം എസ്‌ഐ മാഹിന്‍ സലിമിനെ സസ്‌പെന്‍ഡ് ചെയ്തു. കോതമംഗലം ബസേലിയോസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ മുന്‍സിപ്പല്‍ ഈസ്റ്റ് ലോക്കല്‍ പ്രസിഡന്റുമായ റോഷനെയാണ് മാഹിന്‍ സ്റ്റേഷനില്‍ വച്ചത് മര്‍ദ്ദിച്ചത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. കല്യാണ പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ തങ്കളത്ത് കടയുടെ സമീപം നില്‍ക്കുകയായിരുന്നു. ആ സമയം അവിടെയെത്തിയ പൊലീസ് ഇവരോട് വീട്ടില്‍ പോകാറായില്ലെയെന്ന് ചോദിക്കുകയും മേല്‍വിലാസം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് റ്റോജി ടോമി എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുഹൃത്തിനെ പിടിച്ചു കൊണ്ടു പോയതിന്റെ കാരണം സ്റ്റേഷനിലെത്തിയ റോഷനെയും സുഹൃത്തിനെയും പൊലീസ് തടഞ്ഞു നിര്‍ത്തി. ഇതോടെ പൊലീസുമായി ഇവര്‍ വാക്ക് തര്‍ക്കം ഉണ്ടായി. പിന്നാലെ റോഷനെ അകത്തേക്ക് വലിച്ചു കൊണ്ടു പോയി എസ്‌ഐ മാഹിന്‍ മര്‍ദിക്കുകയായിരുന്നു.
സംഭവം റോഷനൊപ്പം വന്ന വിദ്യാര്‍ത്ഥികള്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുകയായിരുന്നു. റോഷനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്തിനാണ് സുഹൃത്തിനെ പിടിച്ചുകൊണ്ടു പോയതെന്ന് അന്വേഷിക്കാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍, പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സ്റ്റേഷനുള്ളിലേക്ക് വലിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് റോഷന്‍ പറഞ്ഞു. നീ എസ്എഫ്‌ഐക്കാരനല്ലേ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനമെന്നും റോഷന്‍ പറഞ്ഞു.







