കൊച്ചി: പരസ്യം പതിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാഹന ഉടമയില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പ് വിശദീകരണം തേടി. തിങ്കളാഴ്ച്ച എറണാകുളം ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരിശീലനത്തിനിടെ പനമ്പള്ളി നഗറില്‍ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം സഞ്ചരിക്കുന്ന ബസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ എംവിഡി കര്‍ശന പരിശോധനയാണ് നടത്തി വരുന്നത്.
കെഎസ്ആര്‍ടിസി ബസുകളില്‍ ഉള്‍പ്പെടെ പരസ്യങ്ങള്‍ പാടില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- പൊതു വാഹനങ്ങളെന്ന വ്യത്യാസമില്ല. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചുവെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് വാഹനത്തിനെതിരായ എംവിഡി നടപടി.
അതേസമയം കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശത്തിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു രംഗത്തെത്തി. കോടതി ഉത്തരവ് കോര്‍പ്പറേഷന് വലിയ ബാധ്യതയുണ്ടാക്കുമെന്ന് മന്ത്രി പ്രതികരിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയ ശേഷം നിയമവശം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ബസുകളില്‍ പരസ്യം പതിക്കാന്‍ അനുവദിക്കുന്നതിലൂടെ വര്‍ഷം 1.80 കോടി രൂപ കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നുണ്ട്.
കോടതി ഉത്തരവ് നടപ്പിലാക്കുന്നത് നഷ്ടമുണ്ടാക്കും. കേരളത്തില്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ബസുകളിലും പരസ്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടൂറിസ്റ്റ് ബസുകളിലെ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. നിയമലംഘനം അനുവദിക്കില്ല എന്നാല്‍ നിയമപരമായ യാത്ര നടത്തുന്നവര്‍ക്ക് ആശങ്ക വേണ്ട. ബസുടമകളുടെ വേട്ടയാടല്‍ പരാതിയില്‍ വസ്തുതയില്ലെന്നും മന്ത്രി പറഞ്ഞു.







