ലഖ്നോ: ചത്ത മൂർഖൻ പാമ്പുമായി ഒരാൾ ആശുപത്രി അത്യാഹിതവിഭാഗത്തിലേക്ക്, എന്നെ കടിച്ച പാമ്പ് ചത്തു, അയാൾ പറഞ്ഞു.
പോളിത്തീൻ ബാഗിനുള്ളിൽ മൂന്നടിയോളം നീളമുള്ള മൂർഖനെ കണ്ട് ഡോക്ടർമാർ ഒരു നിമിഷം നിശബ്ദരായി. ഉത്തർപ്രദേശിലെ കുശിനഗർ ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവമാണിത്. കൈക്കും കാലിനും പാമ്പ് കടിച്ചെന്നാണ് പദ്രൗന നിവാസിയായ സലാവുദ്ദീൻ മൻസൂരി (35) ഡോക്ടർമാരോട് അവകാശപ്പെട്ടത്. തന്‍റെ വാദങ്ങളെ ശരിവെക്കുന്നതിനാണ് പാമ്പുമായി ആശുപത്രിയിലെത്തിയത്.
സംഭവങ്ങളെക്കുറിച്ച് ഡോക്ടർമാരോട് മൻസൂരി വിശദീകരിച്ചതിങ്ങനെ, ‘ പദ്രൗണ റെയിൽവേ സ്റ്റേഷൻ വഴി മദ്യലഹരിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പ്ലാറ്റ്‌ഫോം മുറിച്ചുകടക്കുമ്പോൾ കാലിന് കടിയേറ്റു. നിലത്തേക്ക് നോക്കിയപ്പോഴാണ് മൂർഖനെ കണ്ടത്. തുടർന്ന് കൈകൊണ്ട് പാമ്പിനെയെടുത്തിട്ട് പറഞ്ഞു – ഞാൻ മരിക്കും, അതിനാൽ നിന്നെയും ജീവിക്കാൻ അനുവദിക്കില്ല.
ഈ സമയത്താണ് പാമ്പ് കൈക്ക് കടിച്ചത്. ദേഷ്യം വന്നതോടെ പാമ്പിനെ അടിച്ചുകൊന്നു. പാമ്പിന്‍റെ കടിയേറ്റെന്നും ആന്‍റി വെനം ഇഞ്ചക്ഷൻ നൽകണമെന്നും മൻസൂരി ഡോക്ടർമാരോട് ആവശ്യപ്പെട്ടു. അതേസമയം, ഇയാൾക്ക് കൈക്കും കാലിനും കടിയേറ്റ പാടുകളുണ്ടായിരുന്നു.







