തിരുവനന്തപുരം: സീറ്റിനടിയില്‍ ഒളിപ്പിച്ചു കടത്തിയ ഒരു കിലോ തൂക്കമുള്ള സ്വര്‍ണ ബിസ്‌ക്കറ്റുകളുമായി വിമാനയാത്രക്കാരനെ കസ്റ്റംസ് അറസ്റ്റുചെയ്തു. ഞായറാഴ്ച രാവിലെ ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായ പശ്ചിമബംഗാള്‍ സ്വദേശി അരൂപ് മണ്ഡലിനെയാണ് എയര്‍ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റുചെയ്തത്.
ഇയാള്‍ ഇരുന്ന സീറ്റിനടിയില്‍നിന്ന് ഏഴ് സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ക്ക് 52 ലക്ഷം രൂപ വിലയുണ്ടെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
ഇതേവിമാനം തിങ്കളാഴ്ച തിരുവനന്തപുരത്തുനിന്ന് ആഭ്യന്തര സര്‍വീസായി മുംബൈയിലേക്ക് പോകുന്നുണ്ട്. ഈ വിമാനത്തിലെ ഇതേ സീറ്റ് നമ്പര്‍ ഇയാള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി. ഈ യാത്രയിലും സ്വര്‍ണം കടത്താനായിരുന്നു പദ്ധതി.
മുംബൈയിലെത്തിച്ച് മറ്റൊരാള്‍ക്ക് കൈമാറുന്നതിനാണ് പദ്ധതി. ആളെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല.
കസ്റ്റംസ് അസിസ്റ്റന്‍ഡ് കമ്മിഷണറുടെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ബാല്‍രാജ് മേനോന്‍, ഇന്‍സ്‌പെക്ടര്‍മായ എസ്.നിതിന്‍, എ.ബീന എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.