തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മദ്ധ്യ കേരളത്തിലാവും കൂടുതല്‍ ലഭിക്കുക.
എറണാകുളം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപംകൊണ്ടതോടെയാണ് മഴ വീണ്ടും സജീവമായത്. ആന്‍ഡമാന്‍ തീരത്തിന് സമീപം രൂപംകൊണ്ട ന്യൂനമര്‍ദം, തീവ്രന്യൂനമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കുമെന്നാണ് വിലയിരുത്തല്‍. ചിലപ്പോള്‍ ഇത് ചുഴലിക്കാറ്റായി മാറിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.
 
								 
															 
															 
															 
															







