കാസർകോട് ∙ വിവിധ കേസുകളിൽ പിടികൂടിയതും പലയിടങ്ങളിലായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനു ശേഷം പൊലീസ് കണ്ടെടുത്തതുമായ അവകാശികൾ ഇല്ലാത്ത 176 വാഹനങ്ങൾ ലേലം ചെയ്യുന്നു. ഇതിലേറെയും ബൈക്കുകളാണ്. ബദിയടുക്ക, വിദ്യാനഗർ, മഞ്ചേശ്വരം, കാസർകോട്, കുമ്പള, വെള്ളരിക്കുണ്ട്, നീലേശ്വരം, ബേഡകം, രാജപുരം, ആദൂർ, മേൽപറമ്പ് എന്നീ പൊലീസ് സ്റ്റേഷനുകളിലും
ജില്ലാ പൊലീസ് ആസ്ഥാനത്തും കാഞ്ഞങ്ങാട് നിർമിതി കേന്ദ്രത്തിലെ വളപ്പിലുമായി സൂക്ഷിച്ചിരുന്ന വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. ഇതിന്റെ മുന്നോടിയായി വാഹനങ്ങളുടെ നമ്പറുകളും ഏതു വാഹനമാണെന്നും എവിടെയാണ് സൂക്ഷിച്ചിട്ടുള്ളത് എന്നു വ്യക്തമാക്കി ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ്സക‍്സേന ലേല വിളംബര ഉത്തരവിറക്കി.
നിലവിൽ അന്വേഷണാവസ്ഥയിൽ, കോടതി വിചാരണയിൽ, പരിഗണനയിൽ ഇല്ലാത്തതുമായി വാഹനങ്ങളാണ് പൊലീസ് നിയമ പ്രകാരം സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ലേലം ചെയ്യുന്നത്. ഈ വാഹനങ്ങളിൻമേൽ എന്തെങ്കിലും തരത്തിലുള്ള അവകാശം ഉന്നയിക്കുവാനുണ്ടെങ്കിൽ
30 ദിവസത്തിനകം മതിയായ രേഖകൾ സഹിതം ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ്‍ ഓഫിസർ മുൻപാകെ ഹാജരായി തന്റെ അവകാശം രേഖാപരമായി ഉന്നയിക്കാവുന്നതാണെന്നും നിശ്ചിത കാലാവധിക്കുള്ളിൽ അവകാശവാദം ഉന്നയിക്കാത്തപക്ഷം പ്രസ്തുത വാഹനങ്ങൾ അവകാശികൾ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ചു പരസ്യമായി ഇ–ലേലം വഴി സർക്കരിലേക്ക് മുതൽ കൂട്ടുന്നതായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ ലേല വിളംബര ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്റ്റേഷനുകളിലെയും ലേലം ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം
ബദിയടുക്ക 26, വിദ്യാനഗർ 8,മഞ്ചേശ്വരം 18,കാസർകോട് 63, കുമ്പള 20, വെള്ളരിക്കുണ്ട് 1, നീലേശ്വരം 17, ബേഡകം, രാജപുരം 2 വീതം, ആദൂർ 13, മേൽപറമ്പ് 6
ഏതൊക്കെ വാഹനങ്ങൾ
ബൈക്കുകൾ, സ്കൂട്ടർ,ടിപ്പർ ,ലോറി, മിനിലോറി, മിനി ബസ്, ട്രാവലർ, വാൻ,ഓട്ടോറിക്ഷ, ഗുഡ്സ് റിക്ഷ തുടങ്ങിയവ.








