സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെ തുടക്കം കുറിച്ച കാരവന്‍ പാര്‍ക്കിന്റെ സാധ്യതകള്‍ മങ്ങുന്നു. റോഡുകള്‍ കുണ്ടും കുഴിയുമായി സഞ്ചാര യോഗ്യമല്ലാതായതോടെയാണ് കാരവന്‍ പാര്‍ക്ക് ആവേശത്തില്‍ ഒതുങ്ങിയത്. കേരളത്തില്‍ തുറന്ന ഏക കാരവന്‍ പാര്‍ക്കില്‍ ഒരുവര്‍ഷമായിട്ടും എത്തിയത് നാലു കാരവനുകള്‍ മാത്രമാണെന്ന് റിപ്പോര്‍ട്ട്.
രണ്ടുവര്‍ഷമായി ടാര്‍ ചെയ്യാത്ത ഈരാറ്റുപേട്ട–വാഗമണ്‍ റോഡിലൂടെ സഞ്ചാരികള്‍ എത്താതായതാണ് തിരിച്ചടിയായത്. സഞ്ചാരികളുമായി കറങ്ങുന്ന കാരവന് രാത്രികാലങ്ങളില്‍ തങ്ങാനാണ് കാരവന്‍ പാര്‍ക്ക്. 2021 ഒക്ടോബറില്‍ ആരംഭിച്ച പദ്ധതിയിലെ ആദ്യ 100 കാരവന്‍ പാര്‍ക്കുകള്‍ക്കായി പണം മുടക്കാന്‍ താല്‍പരരായി നാലുമാസത്തിനുള്ളില്‍ തന്നെ 67 പേരെത്തി.
എന്നാല്‍ ഇപ്പോഴും സംസ്ഥാനത്താകെയുള്ളത് വാഗമണ്ണിലെ ഒരേയൊരു പാര്‍ക്കാണ്. 10 കാരവനുകള്‍ പാര്‍ക്കു ചെയ്യാവുന്ന തരത്തിലാണ് ഇവിടത്തെ പാര്‍ക്ക് വിഭാവനം ചെയ്തതെങ്കിലും ഇപ്പോള്‍ രണ്ടെണ്ണത്തിനുള്ള സൗകര്യമാണുള്ളത്. മാസം അഞ്ച് എന്ന കണക്കില്‍ വര്‍ഷം 60 കാരവനുകള്‍ എത്തുമെന്നായിരുന്നു പ്രതീക്ഷ.