കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് യാത്ര മേയ് 21 മുതൽ ജൂൺ 22 വരെ രണ്ടു ഘട്ടങ്ങളിൽ. ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നവർ മദീനയിലേക്കാണ് പുറപ്പെടുക. ഇവരുടെ മടക്കയാത്ര ജിദ്ദയിൽനിന്നായിരിക്കും. രണ്ടാംഘട്ടത്തിലുള്ളവർ ജിദ്ദയിലേക്കാണ് പുറപ്പെടുക. ഇവർ മടങ്ങുന്നത് മദീനയിൽനിന്നായിരിക്കും.
യാത്ര പുറപ്പെടുന്നതിന് അഞ്ചു മണിക്കൂർ മുമ്പ് ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളിൽ എത്തണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മാർഗനിർദേശങ്ങളിൽ പറയുന്നു. മടക്കയാത്ര ജൂലൈ മൂന്നുമുതൽ ആഗസ്റ്റ് രണ്ടുവരെയാണ് ക്രമീകരിച്ചിരിക്കുന്നത്. 30 മുതൽ 40 വരെ ദിവസമായിരിക്കും ഹജ്ജ് യാത്രയുടെ സമയപരിധി.
25 പുറപ്പെടൽ കേന്ദ്രങ്ങളിൽനിന്നായിരിക്കും യാത്ര. ഓരോ കേന്ദ്രങ്ങളിൽനിന്നും അവസാനമായി ഹജ്ജ് യാത്ര നടന്ന സമയങ്ങളിലെ വിമാന ടിക്കറ്റ് നിരക്കും മൊത്തം ചെലവും കേന്ദ്ര ഹജ്ജ് കമ്മിറ്റി മാർഗനിർദേശത്തിൽ നൽകിയിട്ടുണ്ട്. കേരളത്തിൽ കൊച്ചിയിലെയും കോഴിക്കോട്ടെയും നിരക്കുകളാണ് ഉൾപ്പെടുത്തിയത്. കൊച്ചിയിൽനിന്ന് 2019ൽ വിമാന ടിക്കറ്റ് നിരക്ക് 73,427 രൂപയും മൊത്തം ചെലവ് 2,46,500 രൂപയുമായിരുന്നു. കോഴിക്കോട്ടുനിന്ന് ഇത് യഥാക്രമം 72,421 രൂപയും 2,45,500 രൂപയുമായിരുന്നു. കോവിഡ് സമയമായതിനാൽ 2022ൽ 10 കേന്ദ്രങ്ങളിൽനിന്ന് മാത്രമായിരുന്നു ഹജ്ജ് സർവിസ്. കൊച്ചിയിൽനിന്ന് 82,005 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. യാത്രയുടെ മൊത്തം ചെലവ് 3,82,350 രൂപയും.