മുംബൈ: വയോധികയെ ക്രൂരമായി കൊലപ്പെടുത്തി ചെറുമകൻ. മുംബൈയിലെ കോസ്മോ ചൗളിലാണ് നിഷ്ഠൂരമായ കൊലപാതകം അരങ്ങേറിയത്. റോസി ഡയസ് എന്ന എൺപതുകാരിയാണ് ലഹരിക്കടിമയായ ചെറുമകന്‍റെ കൊലക്കത്തിക്കിരയായത്. സംഭവത്തിൽ ഇരുപത്തിയഞ്ചുകാരനായ ക്രിസ്റ്റഫര്‍ ഡയസ് എന്ന യുവാവ് അറസ്റ്റിലായിട്ടുണ്ട്.
അതിക്രൂരമായ നിലയിലാണ് ഇയാൾ സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. വയോധികയുടെ തലയറുത്ത് ഡൈനിംഗ് ടേബിളിൽ വച്ചിരുന്നു. ആന്തരികാവയവങ്ങൾ നിലത്ത് ചിതറിയ നിലയിലായിരുന്നു എന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭീകര കൊലപാതകം അരങ്ങേറിയത്. ലഹരിമുക്തി കേന്ദ്രത്തിൽ നിന്ന് ഡിസ്ചാർജ് ആയി വന്നശേഷമാണ് ക്രിസ്റ്റഫർ ഇത്തരമൊരു കൃത്യം നടത്തിയത്.
‘കൊലപാതകത്തിനു ശേഷം ഇയാൾ ഗോവയിലുള്ള പിതാവിനെ വിളിച്ചു വിവരം പറഞ്ഞു. അടുത്ത ഫ്ലൈറ്റിന് തന്നെ മുംബൈയിലെത്തിയ പിതാവ് വീട് തുറന്നപ്പോൾ ചോര തളംകെട്ടി നിൽക്കുന്ന തറയിൽ ഇരിക്കുന്ന മകനെയാണ് കണ്ടത്. എന്താണ് നീ ചെയ്തതെന്ന് ചോദിച്ചപ്പോൾ മുത്തശ്ശിയെ കൊലപ്പെടുത്തിയെന്ന് ചിരിച്ചു കൊണ്ടാണ് മറുപടി പറഞ്ഞത്’ പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
അറസ്റ്റ് ചെയ്ത യുവാവിനെ ഒക്ടോബർ 17വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കൊലപാതകക്കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മനോനില തകരാറിലായവരെപ്പോലെയാണ് ക്രിസ്റ്റഫർ പെരുമാറുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇത്തരമൊരു ക്രൂരകൃത്യത്തെ സംബന്ധിച്ച് ചോദിക്കുമ്പോഴേക്കും ഇയാൾ ചിരിക്കുകയായിരുന്നു എന്നും ബന്ദ്ര പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
‘യുവാവ് കഴിഞ്ഞ പതിനെട്ട് മാസമായി ഒരു ലഹരിമുക്ത കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. എന്നാൽ ആറുലക്ഷം രൂപയോളം വരുന്ന ബില്ല് തുക കെട്ടിവയ്ക്കാത്തതിനെ തുടർന്ന് വീട്ടിലേക്ക് മടക്കി അയച്ചു. ഇയാളുടെ മാതാപിതാക്കൾ ഇസ്രായേലിലാണ് താമസിക്കുന്നതും ജോലി ചെയ്യുന്നതും. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് പിതാവ് കുടുംബത്തെ സന്ദർശിക്കുന്നതിനായി നാട്ടിലെത്തിയത്’ പൊലീസ് പറയുന്നു.
ലഹരിമുക്തി കേന്ദ്രത്തിൽ നിന്നും ക്രിസ്റ്റഫറെത്തിയത് മുത്തശ്ശിക്ക് അരികിലായിരുന്നു. ഇവർ താമസിച്ചിരുന്ന വീടിന്‍റെ മുകളിലത്തെ നിലയിൽ മറ്റു ബന്ധുക്കളും കഴിയുന്നുണ്ട്. ക്രിസ്റ്റഫർ തിരികെയെത്തിയപ്പോൾ മുകളിലുള്ള കസിൻസ് ഇയാളെ കാണാനത്തെിയിരുന്നു. മുത്തശ്ശി എല്ലാവർക്കും ഭക്ഷണം വിളമ്പി നൽകുകയും ചെയ്തു. എന്നാൽ ഇയാളിൽ നിന്ന് അകലം പാലിക്കാൻ മറ്റ് ബന്ധുക്കൾ അറിയിച്ചതോടെ ഇവർ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അതുകൊണ്ട് തന്നെ തിങ്കളാഴ്ച അർദ്ധരാത്രിയോടെയാകാം കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ചെറുമക്കൾക്ക് ഭക്ഷണം നൽകി ഉറങ്ങാൻ കിടന്ന മുത്തശ്ശിയെ ആ സമയത്താകാം ക്രിസ്റ്റഫർ കൊലപ്പെടുത്തിയതെന്നാണ് നിഗമനം.








