സാധനങ്ങല്‍ വാങ്ങി കഴിഞ്ഞ് ബില്ലടിക്കുമ്പോള്‍ പലപ്പോഴും കടക്കാരന്‍ നമ്മുടെ ഫോണ്‍ നമ്പര്‍ ചോദിക്കാറുണ്ട്. പലപ്പോഴും മിക്കവരും നമ്പര്‍ പറഞ്ഞുകൊടുക്കാറുമുണ്ട്. ഇനി നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചാലോ നമ്പര്‍ നല്‍കാതെ ബില്ലടിക്കാനാകില്ലെന്നായിരിക്കും കടക്കാര്‍ നല്‍കുന്ന വിശദീകരണം.
പക്ഷേ ഇനി നമ്പര്‍ നല്‍കേണ്ടത് നിര്‍ബന്ധമല്ല. ചില പ്രത്യേക സാധനങ്ങള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോദിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഫോണ്‍ കോളുകളിലൂടേയും ടെക്‌സ്റ്റ് മെസേജുകളിലൂടേയും തട്ടിപ്പുകള്‍ നടക്കുന്നകായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
എന്തെങ്കിലും വിതരണം ചെയ്യാനോ ബില്‍ ജനറേറ്റ് ചെയ്യാനോ വേണ്ടി ചില്ലറ വ്യാപാരികള്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കേണ്ട ആവശ്യമില്ലെന്നും ഇതില്‍ സ്വകാര്യതയുടെ പ്രശ്‌നമുണ്ടെന്നും കണ്‍സ്യൂമേഴ്‌സ് കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ് വ്യക്തമാക്കി.
ഡല്‍ഹി വിമാനത്താവളത്തിനുള്ളിലെ കടയില്‍നിന്നു ച്യൂയിങ് ഗം വാങ്ങിയപ്പോള്‍ കടക്കാരന്‍ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടതു സംബന്ധിച്ച് ആക്ടിവിസ്റ്റായ ദിനേശ് എസ് ഠാക്കൂര്‍ ട്വുീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായ് മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതില്ലെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു. ച്യൂയിങ് ഗം വാങ്ങുന്നതിന് എന്തിനാണ് മൊബൈല്‍ നമ്പര്‍ എന്ന് ചോദിച്ചപ്പോള്‍ സുരക്ഷാ കാരണങ്ങളാല്‍ മൊബൈല്‍ നമ്പര്‍ വേണമെന്നായിരുന്നു കടയുടെ മാനേജര്‍ പറഞ്ഞതെന്നതായിരുന്നു ദിനേശ് ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് ച്യൂയിങ്ഗം വാങ്ങാതെ കടയില്‍നിന്നിറങ്ങിയെന്നും ട്വീറ്റിലുണ്ടായിരുന്നു. ബില്ലിങ് സമയത്തു വ്യാപാരസ്ഥാപനങ്ങള്‍ അനാവശ്യമായി മൊബൈല്‍ നമ്പര്‍ വാങ്ങുന്നതിനെക്കുറിച്ചു പരാതികള്‍ ഉയരുന്നതിനിടെയാണു മന്ത്രി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.