കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തില്‍ പൊതുജനങ്ങളുടെ പരാതി സശ്രദ്ധം കേള്‍ക്കാനും പരിഹരിക്കാനും കര്‍മ്മനിരതയായി ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്. പുതിയ പാരതികളുമായി എത്തിയവര്‍ക്കെല്ലാം പരാതി പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമായി ജില്ലാ കളക്ടര്‍ ഔദ്യോഗിക പരിവേഷങ്ങളില്ലാതെ ജനങ്ങള്‍ക്കിടയില്‍ തിരക്കിലായിരുന്നു. പ്രായമായ പലര്‍ക്കും തങ്ങളോട് വിവരങ്ങള്‍ ചോദിക്കുന്നതും കടലാസില്‍ ഇവയെല്ലാം പകര്‍ത്തിയെഴുതുന്നതും ജില്ലാ കളക്ടറാണെന്നതുപോലും അറിയില്ലായിരുന്നു. പലര്‍ക്കും അപേക്ഷ എഴുതി നല്‍കാന്‍ സഹായവുമായി കളക്ടറെത്തി. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ ചുണ്ടേല്‍ പാരിഷ് ഹാളില്‍ നടന്ന അദാലത്തില്‍ വൈത്തിരി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളുകളാണ് എത്തിയത്. ഭൂരിഭാഗവും റവന്യുവകുപ്പുമായി ബന്ധപ്പെട്ട പരാതികളായതിനാല്‍ ഇവ നേരിട്ട് പരിഹരിക്കാനും ജില്ലാ കളക്ടര്‍ മുന്‍ കൈയ്യെടുത്തു. മന്ത്രിയുടെ നിര്‍ദ്ദേശങ്ങളനുസരിച്ചും നടപടികള്‍ വേഗത്തിലായി. രാവിലെ മുതല്‍ ഒന്നാം ദിവസം അദലാത്ത് തീരുന്ന വൈകീട്ടുവരെയും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്കൊപ്പം നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളുമായി ജില്ലാ കളക്ടറും ഊര്‍ജ്ജസ്വലതയോടെ മുന്നിലുണ്ടായിരുന്നു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.