തിരുവനന്തപുരം : KL 01 CN 8219 എന്ന നമ്പർ വാഹനം KL 01 CW 8219 എന്ന് ഉദ്യോഗസ്ഥർ മാറി വായിച്ചപ്പോൾ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിക്ക് മോട്ടർ വാഹന വകുപ്പിന്റെ പിഴ നോട്ടിസ്. മണക്കാട് തോട്ടം റസിഡന്റ്സ് അസോസിയേഷൻ ഇ 15 (1) ൽ ഭാവന ചന്ദ്രനാണു കഴിഞ്ഞ ദിവസം നോട്ടിസ് ലഭിച്ചത്. സ്കൂട്ടറിനു പിറകിൽ ഇരുന്നു സഞ്ചരിച്ചയാൾക്ക് ഹെൽമറ്റ് ഇല്ലാത്തതിനാൽ പിഴ ഒടുക്കണമെന്നാണു നോട്ടിസിൽ നിർദേശം.
കഴിഞ്ഞ മാസം പത്തിനു ജഗതിയിൽ വച്ചു നിയമ ലംഘനം നടത്തിയെന്നാണു നോട്ടിസിൽ. എന്നാൽ ജൂൺ 30 നു മുട്ടത്തറയ്ക്കു സമീപമുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് അന്നു മുതൽ ചികിത്സയിൽ കഴിയുകയാണു ടെക്നോപാർക്ക് ഉദ്യോഗസ്ഥയായ ഭാവന. നോട്ടിസിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാഹനവും ഭാവനയുടെ വാഹനവും വ്യത്യസ്ത കമ്പനികളുടേതാണ്. നമ്പർ ശ്രദ്ധിക്കുന്നതിലുണ്ടായ പിഴവായിരിക്കാം തെറ്റായി നോട്ടിസ് അയയ്ക്കാൻ കാരണമെന്നാണു വിശദീകരണം.
 
								 
															 
															 
															 
															







