തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള മുന്നണികളുടെ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു. പ്രധാന കടമ്പയായ സംവരണ വാര്‍ഡുകള്‍ സംബന്ധിച്ച് വ്യക്തത വന്നതോടെയാണ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമായത്. അദ്ധ്യക്ഷന്‍മാരുടെ സംവരണം മാത്രമാണ് ഇനി അറിയാനുള്ളത്. ഈ മാസം അവസാനത്തോടെ ഇക്കാര്യത്തിലും തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. നിലവിലെ ജനറല്‍ വാര്‍ഡുകള്‍ സംവരണ വാര്‍ഡുകളായി മാറിക്കഴിഞ്ഞു. അനുയോജ്യരായ വനിതാ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിലാണ് രാഷ്ട്രീയപാര്‍ട്ടികളുടെ ശ്രദ്ധ കൂടുതലും.
മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി വനിതകളും രംഗത്ത് ഇറങ്ങാന്‍ താത്പര്യം പ്രകടിപ്പിക്കുന്നതിനാല്‍ എല്ലാവര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകും.തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രക്രിയ എല്ലാ പാര്‍ട്ടികളും നടത്തിയിരുന്നു. നിലവില്‍ സംവരണ വാര്‍ഡുകളില്‍ ജയിച്ച ഭൂരിഭാഗം പേര്‍ക്കും ഇത്തവണ സീറ്റ് ലഭിക്കാനിടയില്ല. അതേസമയം കഴിഞ്ഞ തവണ ജനറല്‍ സീറ്റുകളില്‍ ജയിച്ചവരുടെ വാര്‍ഡുകള്‍ സംവരണമായതോടെ മറ്റു വാര്‍ഡുകളും ഡിവിഷനുകളും അന്വേഷിച്ചുള്ള നെട്ടോട്ടവും തുടങ്ങിയിട്ടുണ്ട്.
സീറ്റ് വിഭജനം സംബന്ധിച്ച് എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികളിലെ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. സി.പി.എം തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബ്രാഞ്ച് തലത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ച് പ്രാഥമിക ലിസ്റ്റ് മേല്‍ ഘടകങ്ങള്‍ കൈമാറിത്തുടങ്ങി. എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ വികസന രേഖകള്‍ പുറത്തിറക്കി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനായിരുന്നു മേധാവിത്വം. കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ശക്തമായ ഇടപെടലാണ് പാര്‍ട്ടി നടത്തുന്നത്. പരമാവധി സ്ഥാനാര്‍ത്ഥികള്‍ അതതു വാര്‍ഡുകളില്‍ നിന്നുള്ളവര്‍ ആയിരിക്കണമെന്നാണ് ഡി.സി.സി നിര്‍ദ്ദേശം. ഇളവുകള്‍ വേണമെങ്കില്‍ വാര്‍ഡില്‍ നിന്നുള്ളവരുടെ സമ്മതവും മേല്‍ ഘടകങ്ങളുടെ അംഗീകാരവും ലഭിച്ചാല്‍ മാത്രമേ സ്ഥാനാര്‍ത്ഥികള്‍ ആവുകയുള്ളൂ. മുന്‍ കാലങ്ങളിലൊന്നും ഇത്തരം കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടില്ല. അതിനാല്‍ താഴെത്തട്ടില്‍ പ്രവര്‍ത്തകര്‍ സജീവമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പിയും സജീവമാണ്. വാര്‍ഡ് തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. ബ്ലോക്ക്,ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലും ഓരോരുത്തര്‍ക്ക് ചുമതല നല്‍കിയാണ് പ്രവര്‍ത്തനം.