വെങ്ങപ്പള്ളി: ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനായി വെങ്ങപ്പള്ളി പഞ്ചായത്തിലെ മൈലാടിയിൽ കണ്ടെത്തിയ പ്രദേശം വാസയോഗ്യമല്ല. ഇത് സംബന്ധിച്ച് കളക്ടർക്കും ഐടിഡിപി ഓഫീസർക്കും യൂത്ത് കോൺഗ്രസ് പരാതി നൽകി. കൽപ്പറ്റ നഗരസഭ ഒന്നാം വാർഡിലെ മൈലാടി കോളനിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് വെങ്ങപ്പള്ളി പഞ്ചായത്തിലെ ആറാം വാർഡിൽ ഭൂമി കണ്ടെത്തിയിരിക്കുന്നത്. ഈ ഭൂമി 2018- ലെ പ്രളയത്തിൽ നിരങ്ങിനീങ്ങിയതാണ്.കൂടാതെ ഈ ഭൂമിയിൽ വലിയ ഒരു വിള്ളൽ രൂപപ്പെട്ടിട്ടുമുണ്ട്. പ്രദേശത്തെ കിണറുകളും താഴ്ന്ന് പോയിരുന്നു. പ്രളയ ദുരിതാശ്വാസത്തിൻ്റെ ഭാഗമായാണ് കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ ഒന്നാം വാർഡ് മൈലാടിയിൽ നിന്ന് ആദിവാസി കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നത്.
പക്ഷെ ഈ കോളനി നിവാസികളെ പ്രളയം ഒരു തരത്തിലും ബാധിച്ചിട്ടില്ല. അതിനാൽ തന്നെ ഈ പുനരധിവാസത്തിന് പിന്നിൽ അടിമുടി ദുരൂഹതയുണ്ട്. ആദിവാസികളെ മാറ്റിപാർപ്പിക്കുന്നതിലും വാസയോഗ്യമല്ലാത്ത ഭൂമി ആദിവാസികളുടെ മേൽ കെട്ടി വക്കുന്നതിലും വലിയ രീതിയിലുള്ള അഴിമതിയും ഗൂഢാലോചനയുമുണ്ട്. ആദിവാസി പുനരധിവാസത്തിൻ്റെ പേരിൽ നടത്തുന്ന ഇത്തരം അഴിമതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം പ്രസിഡൻ്റ് ആൽഫിൻ അമ്പാറയിൽ ജില്ലാ കലക്ടർക്കും ITDP ഓഫീസർക്കും പരാതികൾ നൽകിയത്.